ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് 10 വയസ്സുകാരി; ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയിരിക്കുന്നത്. പത്ത് വയസ്സാണ് പ്രായമെന്നും ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം.
പത്ത് വയസ്സിന് മുൻപ് കോവിഡ് കാലത്ത് ശബരിമലയിൽ എത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം നടന്നില്ലെന്നും പെൺകുട്ടി ഹർജിയിൽ പറഞ്ഞു. ഇത്തവണ തന്നെ മല കയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം നൽകണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമാണെന്നും പെൺകുട്ടി കോടതിയിൽ ചൂണ്ടിക്കാട്ടി.

' പത്ത് വയസ്സിന് മുൻപ് ശബരിമലയിൽ എത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ കോവിഡും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പിതാവിന്റെ അനാരോഗ്യവും കാരണം തീർത്ഥാടനം വൈകി. തീർത്ഥാടനത്തിനായി 2023 നവംബർ 22 ന് പിതാവ് ഓൺൈലൈനിലൂടെ അപേക്ഷിച്ചിരുന്നു. എന്നാൽ ഉയർന്ന പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടികാട്ടി അപേക്ഷ നിരസിച്ചു. ആർത്തവം ആരംഭിക്കാത്തതിനാൽ ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയും,' എന്നാണ് ഹർജിക്കാരി കോടതിയിൽ വാദിച്ചത്.
എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന തിരുവിതാകൂർ ദേവസ്വം നിലപാടിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ,
ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.












Click it and Unblock the Notifications