ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; ഹർജി തള്ളി
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിർമ്മാതാവിൻ ഹർജി ഹൈക്കോടതി തള്ളി.റിപ്പോർട്ട് ഒരാഴ്ച കഴിഞ്ഞേ പുറത്തുവിടാൻ പാടുള്ളൂവെന്നും കോടതി നിർദ്ദേശിച്ചു.
ജുലൈ ആറിനായിരുന്നു കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കിയത്. ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നാണ് കമ്മീഷന്റെ നിർദ്ദേശം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുത്. നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.ഇത് ചോദ്യം ചെയ്ത് നിർമ്മാതാവ് സജി പാറയിൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കമ്മിറ്റിക്ക് മുമ്പില്‍ മൊഴി നല്‍കിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്നുമായിരുന്നു ആവശ്യം. ആരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാൽ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. ഹർജിയിൽ ഡബ്ല്യുസിസി, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവരേയും കക്ഷി ചേർത്തിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. കേസിൽ ഹജിക്കാർക്ക് അപ്പീൽ സമർപ്പിക്കാൻ അപ്പീൽ നൽകാം. അപ്പീൽ ഹർജിയുമായി സജി പാറയിൽ ഡിവിഷൻ ബഞ്ചിനെ സമീപിച്ചില്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ റിപ്പോർട്ട് പുറത്തുവരും.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒന്നാം എൽഡിഎഫ് സർക്കാരായിരുന്നു ഹേമ കമ്മീഷനെ നിയോഗിച്ചത്. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യു സി സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു സമിതി. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങള്‍ മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്.
2019 ഡിസംബർ 31 നായിരുന്നു സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. മൊഴിനൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് ചൂണ്ടാക്കിട്ടിയായിരുന്നു നടപടി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ ഉയർത്തിയത്.












Click it and Unblock the Notifications