ഹാദിയയുടെ പിതാവിന്റെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ; ഡിജിപിക്ക് ഉൾപ്പെടെ നോട്ടീസ്
കൊച്ചി: മകളായ ഹാദിയയെ കാണാനില്ലെന്ന പിതാവ് അശോകന്റെ ഹേബിയസ് കോർപസ് ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ എതിർകക്ഷികളായ സംസ്ഥാന പോലീസ് മേധാവിക്കും മലപ്പുറം എസ്‌പിക്കും നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്. ഈ മാസം 16ന് ഹർജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും, ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചത്. മകളെ ചിലർ നിയമവിരുദ്ധമായി കസ്‌റ്റഡിൽ പാർപ്പിച്ചിരിക്കുകയാണെന്നും, മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് തുടങ്ങിയെന്നും അശോകൻ തന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മലപ്പുറം സ്വദേശി സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്‌റ്റഡിയിലാണ് മകൾ കഴിയുന്നതെന്നാണ് അശോകന്റെ ആരോപണം. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും പിന്നീട് ക്ലിനിക്കിലേക്ക് പോവുകയും ചെയ്‌തിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു ഫലമുവുമുണ്ടായില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളി ഹാദിയ തന്നെ രംഗത്ത് വന്നിരുന്നു. താൻ പുനർ വിവാഹിതയാണെന്നും, തിരുവനന്തപുരത്ത് ഭർത്താവിനോടൊപ്പം കഴിയുകയാണെന്നുമാണ് അവർ പ്രതികരിച്ചത്. അച്ഛനെ സംഘപരിവാർ ആയുധമാക്കുകയാണെന്നും അവർ പറഞ്ഞു.
സുപ്രീം കോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിന് വിടുകയാണ് ചെയ്‌തത്. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഞാൻ. ആ സ്വാതന്ത്ര്യമാണ് എനിക്ക് അനുവദിച്ച് തന്നത്. ആ സമയത്ത് ഞാൻ ഷെഫിൻ ജഹാനെ വിവാഹം കഴിച്ചിരുന്നു. അത് കോടതിയും അംഗീകരിച്ചു. പിന്നീട് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നായപ്പോൾ ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. നടപടികൾ എല്ലാം പൂർത്തിയാക്കി; ഹാദിയ നേരത്തെ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിൻ ജഹാനെ ചെയ്യുകയും ചെയ്‌തതിലൂടെയുമാണ് ഹാദിയ വിഷയം വലിയ നിയമ പ്രശ്‌നത്തിലേക്ക് വഴി തുറന്നത്. പിന്നീട് സുപ്രീം കോടതി ഇടപെട്ട കേസിൽ ഇരുവരുടെയും വിവാഹം ശരിവെച്ചിരുന്നു.
ഹാദിയയെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതാണെന്നും ഷഫിൻ ജഹാനുമായുള്ള വിവാഹം ലവ് ജിഹാദിന്റെ വലിയ അജണ്ടയുടെ ഭാഗമാണെന്നും ഹാദിയയുടെ പിതാവ് അശോകൻ കോടതിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹാദിയ തന്നെ തള്ളുകയായിരുന്നു.












Click it and Unblock the Notifications