ഹിജാബ്: കർണാടകയില്‍ വാദ-പ്രതിവാദങ്ങള്‍ ശക്തമാവുന്നു, പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക്
ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ കർണാടകയില്‍ വാദ-പ്രതിവാദങ്ങള്‍ ശക്തമാവുന്നു. മുഴുവന്‍ വിദ്യാർത്ഥികളും യൂണിഫോം ധരിക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പാസാക്കിയെങ്കിലും വിവാദം ഇപ്പോഴും സജീവമായി തുടരുകയാണ്.
ഡൽഹിയിലുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാർത്ഥികളോടും കോളേജുകളോടും യൂണിഫോം സംബന്ധിച്ച സർക്കാർ ഉത്തരവ് പാലിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോഴും, വസ്ത്രധാരണത്തെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
വിവാദത്തിന്റെ പ്രധാന കേന്ദ്രമായ ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജിൽ മുസ്ലിം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് തുടരുകായാണ്. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കോടതി വിധിക്കായി കാത്തിരിക്കാമെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കാസ്ല് മുറികള്‍ക്ക് പുറത്ത് കുത്തിയിരുപ്പ് പ്രതിഷേധം തുടരുകയാണ്.

ഉഡുപ്പിയിലെ തന്നെ മഹാത്മാഗാന്ധി മെമ്മോറിയൽ കോളജിലെ ഒരു വിഭാഗം വിദ്യാർഥികൾ ഒന്നുകിൽ കാവി ഷാൾ ധരിക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ മുസ്ലീം പെൺകുട്ടികളോട് ഹിജാബ് മാറ്റാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഹിന്ദു ജാഗരണ വേദിയുടെ പിന്തുണയോടെയായിരുന്നു എ ബി വി പി വിദ്യാർത്ഥി യൂണിയനില്‍പ്പെട്ടവർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇതോ തുടർന്ന് മുസ്ലീം പെൺകുട്ടികളോട് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിർത്താൻ പ്രിൻസിപ്പൽ നിർദ്ദേശിക്കുകയായും ചെയ്തു.
ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പ്രത്യേക ക്ലാസ് മുറികളിൽ ഇരുത്തിയ്ത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. കുന്ദാപുര ഗവൺമെന്റ് പിയു കോളേജ്, ബസ്രൂരിലെ ശാരദ കോളേജ്, ബൈന്ദൂർ ഗവൺമെന്റ് ജൂനിയർ കോളേജ് എന്നിവിടങ്ങളിലായിരുന്നു ഇത്തരമൊരു നീക്കം. കുന്ദാപുരയിൽ പ്രതിഷേധം തുടരുന്നതിനിടെ ആർഎൻ ഷെട്ടി പിയു കോളേജ് താല്‍ക്കാലികമായി അടച്ച് പൂട്ടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും വിഷയത്തില്‍ പ്രതിഷേധം ഉയരുകായണ്. മാണ്ഡ്യ യൂണിവേഴ്‌സിറ്റിയിലെ 50-ലധികം വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് മുദ്രാവാക്യം വിളിച്ച് രംഗത്ത് എത്തി. കഴിഞ്ഞ ഒരാഴ്ചയായി ഏതാനും വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട അവർ പെൺകുട്ടികൾ ഹിജാബ് ഒഴിവാക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ്. പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. വിജയനഗർ, ശിവമോഗ, കലബുറഗി, വിജയപുര, ഗദഗ് ജില്ലകളിലും വിദ്യാർത്ഥികൾ സമാന ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ പിന്തുണച്ച്, ചിക്കമംഗളൂരു ഐഡിഎസ്ജി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ ബഹുജൻ വിദ്യാർത്ഥി സംഘവുമായി സഹകരിക്കുന്ന വിദ്യാർത്ഥികൾ നീല ഷാൾ ധരിച്ച് രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ബംഗളൂരുവിലും ഭദ്രാവതിയിലും ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. നിരവധി സംഘടനകൾ മുസ്ലീം വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളുകളിലെയും കോളേജുകളിലെയും ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ ബെംഗളൂരു കോർപ്പറേഷന്‍ നഗരത്തിലെ സ്‌കൂളുകളിൽ യൂണിഫോം വിതരണം ചെയ്യാൻ തുടങ്ങി. ഇപ്പോഴത്തെ വിവാദവുമായി ഈ നീക്കത്തിന് ബന്ധമില്ലെന്നാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ അറിയിക്കുന്നത്. "കോവിഡ് മൂന്നാം തരംഗം ഓഫ്‌ലൈൻ ക്ലാസുകൾ തുടരുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഞങ്ങൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയും യൂണിഫോമിന്റെ നിറങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പുതിയ വിവാദവുമായി ഒരു ബന്ധവുമില്ല''- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡിസംബറിൽ സിവിൽ ബോഡി വർക്ക് ഓർഡർ നൽകിയെങ്കിലും ഒമിക്‌റോൺ ഭീഷണിയെത്തുടർന്ന് യൂണിഫോം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഓസ്റ്റിൻ ടൗണിലെ പിയു കോളേജിൽ 250 ഓളം പെൺകുട്ടികൾക്ക് ബിബിഎംപി ഇതിനകം യൂണിഫോം നൽകിക്കഴിഞ്ഞു. പ്രൈമറി, ഹൈസ്കൂളുകൾ, പിയുസി സ്ഥാപനങ്ങളിലെ 17,500 വിദ്യാർത്ഥികൾക്കാണ് ആകെ യുണിഫോം വിതരണം ചെയ്യുന്നത്.












Click it and Unblock the Notifications