കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടികള്‍ക്ക് സിനിമാശാലയില്‍ ദുരിതജീവിതം; പുതിയതായി നിര്‍മ്മിച്ച ഹോസ്റ്റല്‍കെട്ടിടം പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ നീക്കം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പെരിക്കല്ലൂരില്‍ പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്ക് പുതുതായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി നല്‍കാന്‍ ഗൂഡാലോചനയെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. അസൗകര്യങ്ങള്‍ക്കുനടുവില്‍ മുള്ളന്‍കൊല്ലിയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച പഴയ സിനിമശാലയില്‍ വാടകക്കാണ് വര്‍ഷങ്ങളായി പട്ടികവര്‍ഗ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രവൃത്തിക്കുന്നത്. ഇവിടത്തെ പരിമിതമായ സൗകര്യങ്ങളില്‍ നാലു മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 100ലധികം വിദ്യാര്‍ഥികളാണ് കഴിയുന്നത്. ഇവര്‍ക്കുവേണ്ടി നിര്‍മിച്ച പുതിയ ഹോസ്റ്റല്‍ കെട്ടിടം നിഷേധിക്കുന്നതില്‍ നിക്ഷിപ്ത താത്പര്യക്കാരുണ്ടെന്നും ഇതിനെതിരെ ജില്ല കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും ട്രൈബല്‍ വകുപ്പിനും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പുല്‍പള്ളി മേഖലയിലെ പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി പെരിക്കല്ലൂരില്‍ 2006ലാണ് സര്‍ക്കാര്‍ അര ഏക്കര്‍ഭൂമി വിലക്കു വാങ്ങുന്നത്. അന്നുമുതല്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ പെരിക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഈ ഹോസ്റ്റല്‍ വരാതിരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ആദിവാസി വിദ്യാഭ്യാസസാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലുകളെതുടര്‍ന്ന് 2014 ഡിസംബര്‍ 21ന് അന്നത്തെ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. എന്നാല്‍, തുടര്‍ന്നും ഇതിന്റെ നിര്‍മാണം വൈകിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നതായി ഇവര്‍ ആരോപിച്ചു. കാല്‍ നൂറ്റാണ്ടിലധികമായി ആണ്‍കുട്ടികള്‍ മുള്ളന്‍കൊല്ലിയിലെ പഴയ സിനിമ ശാലയിലയിലാണ് കഴിയുന്നത്. 20000ത്തോളം രൂപ വാടക നല്‍കിയാണ് ഈ സിനിമ ശാലയില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രവൃത്തിക്കുന്നത്. കാര്യമായ ബസ് സര്‍വീസ് പോലും ഇല്ലാത്ത ചേകാടി, പാളക്കൊല്ലി തുടങ്ങി ഉള്‍ഗ്രാമങ്ങളില്‍നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

hostel

നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 100ലധികം വിദ്യാര്‍ഥികള്‍ അസൗകര്യങ്ങള്‍ക്കുനടുില്‍ കഴിയുമ്പോഴാണ് അവര്‍ക്കായി നിര്‍മിച്ച കെട്ടിടം പെണ്‍കുട്ടികള്‍ക്കായി മാറ്റി നല്‍കുന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 3.72 കോടി രൂപ മുടക്കി 80ലധികം കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയുന്ന കെടിട്ടമാണ് പെരിക്കല്ലൂരില്‍ പുതുതായി നിര്‍മിച്ചിരിക്കുന്നത്. പുല്‍പള്ളി വേലിയമ്പത്ത് പട്ടികവര്‍ഗ വിഭാഗത്തിലെ െപണ്‍കുട്ടികള്‍ക്കായി ഹോസ്റ്റലുണ്ട്. ഇവര്‍ക്ക് മറ്റൊരു ഹോസ്റ്റല്‍ വേണമെന്നുണ്ടെങ്കില്‍ ട്രൈബല്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍ പെരിക്കല്ലൂരിലും മുള്ളന്‍കൊല്ലിയില്‍ കാപ്പി സെറ്റ് ഗവ. ഹൈസ്‌കൂളിന് സമീപവും സ്ഥലവുമുണ്ട്. ഇവിടെ അവര്‍ക്കായി മറ്റൊരു കെട്ടിടം നിര്‍മിക്കാമെന്നിരിക്കെ, വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനുശേഷം സിനിമശാലയിലെ ദുരിത ജീവിതത്തിന് അറുതിയാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനം. സിനിമ ശാലയുടെ ഉടമക്ക് പ്രതിമാസം കിട്ടുന്ന 20000രൂപ വാടക ഇല്ലാതാകുന്നത് തടയുക,സമീപത്തുള്ള സ്വകാര്യ വിദ്യാലയത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.

hostel

വന്‍കിടക്കാരുടെ കച്ചവടതാത്പര്യങ്ങള്‍ക്ക് കാടിന്റെ മക്കളെ ബലിയാടാക്കുന്ന സമീപനത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. പെരിക്കല്ലൂരില്‍ പട്ടിക വര്‍ഗ ആണ്‍കുടികള്‍ക്കായി പണികഴിപ്പിച്ച ഹോസ്റ്റല്‍ പുതിയ വിദ്യാഭ്യാസ വര്‍ഷം തുടങ്ങുന്നതിനെ മുമ്പ് അവര്‍ക്കായി തുറന്നു കൊടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെരിക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പി.ടി.എ. പ്രസിഡന്റ് ജോയി ജോസഫ്, രക്ഷിതാക്കളായ കെ.എസ്. ചന്ദ്രന്‍, കൊളത്തൂര്‍ കോളനിയിലെ കുളിയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Hostel constructed for boys was planned to give to girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X