ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാകേണ്ട; ഉത്തരവുമായി മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മുമ്പ് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുമായ വ്യക്തികള്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ ആകുന്നത് തടയണം എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഇത്തരക്കാര്‍ കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയും നിയന്ത്രണവും കാര്യക്ഷമമായി നടത്തിയാല്‍ പോര. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്തം മോട്ടോര്‍ വാഹന വകുപ്പിന്റെത് ആണ് എന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഓര്‍മിപ്പിച്ചു.

പാലക്കാട് വടക്കാഞ്ചേരിയില്‍ കെ എസ് ആര്‍ ടി സി ബസും ടൂറിസ്റ്റും ബസും കൂട്ടിയിടിച്ച് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. അതേസമയം സ്‌കൂള്‍, കോളേജ് വിനോദ യാത്രകള്‍ക്ക് രൂപമാറ്റം വരുത്താത്ത വാഹനങ്ങള്‍ തന്നെ ഉപയോഗിക്കണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിനോദയാത്ര പോകുന്നത് ആര്‍ ടി ഒയെ അറിയിക്കേണ്ടതുണ്ട്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാന്‍ എക്സൈസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട് എന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.
വിനോദയാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടില്ല എന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ല എന്നും ഉറപ്പാക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി.












Click it and Unblock the Notifications