'കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചിട്ടില്ല; കോൺഗ്രസിനേയും ലീഗിനേയും ഭിന്നിപ്പിക്കാൻ ശ്രമം'; സുധാകരൻ
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ സംസാരിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയിൽ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനൽ പാർട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

'മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാൻ സംസാരിച്ചു എന്ന രീതിയിൽ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
അബദ്ധജടിലമായ വ്യാജ പ്രചാരണമാണിത്. കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ് ?

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജൻ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയിൽ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനൽ പാർട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും.

പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാർത്തകളാക്കി കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്കിടയിൽ ഭിന്നിപ്പ് വരുത്താനുള്ള പാഴ്ശ്രമങ്ങൾ സ്ഥാപിത താല്പര്യക്കാർ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട് .അത്തരം വ്യാജ പ്രചാരണങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ വീണുപോകരുതെന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു', സുധാകരൻ പറഞ്ഞു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രനാണ് ആരോപണം ഉന്നയിച്ചത്.കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് ഉപദേശം നൽകിയെങ്കിലും കുഞ്ഞാലിക്കുട്ടി എസ്പിയെ വിളിച്ച് അതൊഴിവാക്കാൻ നിർദ്ദേശം നൽകിയെങ്കിലും കുഞ്ഞാലിക്കുട്ടി ഇടപെട്ട് അത് ഒഴിവാക്കാൻ നിർദ്ദേശിച്ചുവെന്നായിരുന്നു
ആരോപണം. എന്നാൽ ആരോപണം ഗൗരവമുള്ളതാണെന്നും പരാമര്‍ശം എന്തെന്ന് പരിശോധിക്കുമെന്നുമായിരുന്നു ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് നേരത്തേ സുധാകരൻ പ്രതികരിച്ചത്. എന്നാൽ സുധാകരന്റെ പരാമർശത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു. വിഷയം യു ഡി എഫിൽ ഉന്നയിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന ആരോപണം തികഞ്ഞ അസംബന്ധമാണെന്നും സലാം പറഞ്ഞിരുന്നു.മുസ്ലിംലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും സലാം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications