ഉമ തോമസിനെ കൈകാര്യം ചെയ്ത രീതി കണ്ട് പിന്നേയും നടുങ്ങി,നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റതാണ്'
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. അവർ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിൽ പരിപാടിയുടെ സംഘടിപ്പിച്ച ഇവന്റ് ഗ്രൂപ്പിന്റെ മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടയിൽ ഇപ്പോഴിതാ സംഘാടനത്തിലെ പിഴന് ചൂണ്ടിക്കാട്ടുകയാണ് ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരക്കുടി.അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-

'സുരക്ഷയും രക്ഷാപ്രവർത്തനവും! കലൂരിലെ നൃത്തപരിപാടിക്കിടയിൽ സ്റ്റേജിൽ നിന്നും ശ്രീമതി ഉമാ തോമസ് വീണ സാഹചര്യം ശ്രദ്ധിക്കുന്നു. ഗുരുതരമായ അപകടമാണെങ്കിലും ശ്രീമതി ഉമാ തോമസ് അപകടനില ഏറ്റവും വേഗത്തിൽ തരണം ചെയ്യട്ടേ എന്നും പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്നും ആശിക്കുന്നു. പക്ഷെ പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നു.
ഗാലറികൾക്ക് മുകളിൽ, ഗ്രൗണ്ടിൽ നിന്നും ഏറെ ഉയരത്തിൽ തികച്ചും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജ്. അതിൽ നിന്നും താഴെ വീഴുന്നത് തടയാൻ വേണ്ട സംവിധാനങ്ങൾ ഇല്ല. കേട്ടിടത്തോളം ആദ്യം പ്ലാൻ ചെയ്തതിലും ഇരട്ടി ആളുകൾ സ്റ്റേജിലേക്ക് എത്തി. സ്റ്റേജ് മൊത്തമായി തകർന്നു വീഴാത്തത് ഭാഗ്യം.
അപകടം ഉണ്ടായത് വളരെ അരക്ഷിതമായ സാഹചര്യം കൊണ്ടാണെങ്കിലും അപകടത്തിൽ പെട്ട ആളെ കൈകാര്യം ചെയ്ത രീതി കണ്ടു പിന്നെയും നടുങ്ങി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറിൽ വേണം എടുത്തുകൊണ്ടുപോകാൻ. അങ്ങനെയുള്ള ഒരാളെ എന്ത് ആത്മാർത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകൾ പൊക്കിയെടുത്തുകൊണ്ടുപോകുന്നത് പരിക്കിൻറെ ആഘാതം വർദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ ഒരു രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടാണ് ആളുകൾ പരിക്കേറ്റവരെ തുക്കിയെടുത്ത് കിട്ടുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നോക്കുന്നത്.
പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ കാർപാർക്കിംഗിനു വേണ്ടിപ്പോലും ഡസൻ കണക്കിന് ആളുകളെ നിയമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ പ്രഥമ ശുശ്രൂഷയിൽ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല.
ഒരു വർഷം പതിനായിരം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്. അതിൽ പലമടങ്ങ് ആളുകൾ ജീവിതകാലം മുഴുവൻ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവക്കാവുന്നതാണ്. നമ്മുടെ സമൂഹത്തിൽ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞു. സുരക്ഷിതരായിരിക്കുക!












Click it and Unblock the Notifications