അധികാരതുടർച്ച ലഭിച്ചാൽ പിണറായി സർക്കാരിൽ ആരൊക്കെ? സാധ്യതകൾ ഇങ്ങനെ..
തിരുവനന്തപുരം; വോട്ടെണ്ണലിന് മൂന്ന് നാൾ ബാക്കി നിൽക്കേ അധികാരം കിട്ടുമെന്ന പ്രതീക്ഷയാണ് ഇരുമുന്നണികളും പുലർത്തുന്നത്. എന്നാൽ അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന ആശങ്കയും നേതൃത്വങ്ങൾ പുലർത്തുന്നുണ്ട്. തുടർഭരണം ലഭിച്ചാൽ പിണറായി സർക്കാരിൽ ആരൊക്കെയാകും ഇടംപിടിക്കുക?
സിപിഎമ്മിൽ നിന്ന് അഞ്ച് മന്ത്രിമാരാണ് ഇത്തവണ മത്സരത്തിൽ നിന്നും വിട്ട് നിന്നത്. സിപിഐയിൽ നിന്ന് മൂന്ന് പേരും. ഇക്കുറി പുതുമഖങ്ങളാകും പുതിയ മന്ത്രിസഭയിൽ കൂടുതലും.

പുതുമുഖങ്ങൾ ആരൊക്കെ
നിലവിലെ മന്ത്രിമാരായ കെകെ ശൈലജ, ടിപി രാമകൃഷ്ണൻ, എംഎം മണി, എസി മൊയ്തീൻ എന്നിവർക്ക് വീണ്ടും അവസരം ലഭിച്ചേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെടി ജലീലീന് രണ്ടാം ഘട്ടത്തിൽ അവസരം ലഭിക്കാൻ സാധ്യത ഇല്ല. മുൻ മന്ത്രിയും മുൻ സ്പീക്കറുമായ കെ രാധാകൃഷ്ണൻ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.

ജലീലിന് അവസരം ലഭിക്കുമോ?
കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന് പകരം മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എംവി ഗോവിന്ദനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കും. പൊന്നാനിയിൽ നിന്ന് സിഐടിയു പ്രതിനിധി എന്ന നിലയിൽ പി നന്ദകുമാറിനും അവസരം ലഭിച്ചേക്കും. ജലീലിന് അവസരം നൽകിയില്ലേങ്കിൽ മലപ്പുറത്ത് നിന്നുള്ള പ്രതിനിധി എന്ന നിലയിൽ പിവി അൻവറിനെ പരിഗണിച്ചേക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ
തൃത്താലയിൽ എംബി രാജേഷ് ജയിച്ചാൽ അദ്ദേഹത്തേയും പരിഗണിച്ചേക്കും. കൂടാതെ സംസ്ഥാന സെക്രട്ടറ്റിയേറ്റ് അംഗങ്ങളായ പി രാജീവിനേയും കെഎൻ ബാലഗോപാലിനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. രാജീവ് കളമശേരിയിൽ നിന്നും ബാലഗോപാൽ കൊട്ടക്കരയിൽ നിന്നുമാണ് മത്സരിക്കുന്നത്.

വനിതാ പ്രാതിനിധ്യം
വനിതാ പ്രതിനിധ്യം എത്രയാകും? 11 പേരെയാണ് സിപിഎം ഇക്കുറി മത്സരിപ്പിച്ചത്. വനിതാ പ്രാതിനിധ്യം കെകെ ശൈലജയിൽ ഒതുങ്ങാനുള്ള സാധ്യത ഉണ്ട്.ഒരുപക്ഷേ ജെ മേഴ്സിക്കുട്ടി അമ്മയ്ക്ക് വീണ്ടും അവസരം ലഭിച്ചേക്കും. വട്ടിയൂർക്കാവിൽ വീണ്ടും ജയിച്ചാൽ വികെ പ്രശാന്തിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത ഉണ്ട്.

കോടിയേരിയെ ഉൾപ്പെടുത്തുമോ?
അതേസമയം മുതിർന്ന നേതാക്കളുടെ അഭാവത്തിൽ കോടിയേരി ബാലകൃഷ്മൻ മന്ത്രിസഭയിൽ ഇടംപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കണ്ണൂരിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് കോടിയേരിയെ ജയിപ്പിക്കാനുള്ള ആലോചനകളും പാർട്ടിയിൽ നടക്കുന്നുണ്ട്.

സിപിഐയിൽ നിന്ന്
അതിനിടെ സിപിഐയിൽ പി പ്രസാദ്, ചിറ്റയം ഗോപകുമാർ, പിഎസ് സുപാൽ, ജെ ചിഞ്ചുറാണി എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. പാലായിൽ വിജയിച്ചാൽ ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ഉറപ്പാണ്. മികച്ച വിജയം കാഴ്ചവെച്ചാൽ മറ്റൊരു മന്ത്രിപദം കൂടി കേരള കോൺഗ്രസ് ആവശ്യപ്പെട്ടേക്കും.

മുഖ്യമന്ത്രി സ്ഥാനത്ത്
അതേസമയം യുഡിഎഫിന് അധികാരം ലഭിച്ചാൽ പ്രധാന തർക്കം നിലനിൽക്കുക മുഖ്യമന്ത്രി പദം സംബന്ധിച്ചായിരിക്കും. മുഖ്യമന്ത്രി ആരാകും എന്ന് ഉയർത്തിക്കാട്ടാതെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയിച്ചാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെങ്കിലും ഉമ്മൻചാണ്ടിയ്ക്കായി എ ഗ്രൂപ്പ് ആവശ്യം ശക്തമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Recommended Video

ഉപമുഖ്യമന്ത്രി പദം
2016 ന് സമാനമായി വൻ വിജയം ലീഗ് ആവർത്തിക്കുകയാണെങ്കിൽ ഉപമുഖ്യമന്ത്രി പദം അവർ ആവശ്യപ്പെട്ടേക്കും. കെ മുരളീധരൻ, വിഡി സതീശൻ, കെ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെഎസ് ശബരീനാഥൻ എന്നിവരുടെ പേരുകളും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. തൃശ്ശൂരിൽ പദ്മജ വേണുഗോപാൽ ജയിച്ചാൽ അവർക്കും മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത ഉണ്ട്.












Click it and Unblock the Notifications