'വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതി പിണറായി വരാമെങ്കിൽ എനിക്കും വരാം'; നിഖിൽ പൈലി
കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയതിനെ ന്യായീകരിച്ച് ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയൻ ജയ്ക്ക് സീ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്കും പ്രചരണത്തിന് ഇറങ്ങാമെന്ന് നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. കൊലക്കേസ് പ്രതികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തണമെന്നും നിഖിൽ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'സഖാക്കളുടെ അറിവിലേക്ക് വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയൻ ജയ്ക്ക് സീ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ എനിക്കും പങ്കെടുക്കാം ഞാനും കുറ്റാരോപിതൻ മാത്രമാണ് . കൊലക്കേസ് പ്രതികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോൺഗ്രസിനെ ഉപദേശിക്കാൻ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അവിടുത്തെ സ്ഥാനാർത്ഥി', പോസ്റ്റിൽ നിഖിൽ പറഞ്ഞു.

അതേസമയം നിഖിൽ പൈലി പ്രചരണത്തിന് ഇറങ്ങിയതിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നതിൽ എന്ത് ധാർമ്മികതയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നതെന്ന് ഡി വൈ എഫ് ഐ ചോദിച്ചു.
കൊലപാതകികൾക്ക് സംരക്ഷണവും ഒത്താശയും ചെയ്തു കൊടുക്കുന്ന യൂത്ത് കോൺഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂർ കൊലപാതകത്തിലും പ്രകടമാണ്. കൊലയാളിയെ വിശുദ്ധനാക്കുന്ന
കോൺഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നൽകുമെന്നും പുതുപ്പള്ളിയിൽ യു ഡി എഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ
ചാണ്ടി ഉമ്മൻ
മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
അതേസമയം നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിന് വന്നത് താൻ കണ്ടില്ലെന്നായിരുന്നു നേരത്തേ ചാണ്ടി ഉമ്മൻ പറഞ്ഞത്. പഴയ ചിത്രങ്ങളാണ് പ്രചരിക്കുന്നത് എല്ലാത്തിന്‍റെയും ഉത്തരവാദിത്തം എനിക്ക് ഏറ്റെടുക്കാൻ പറ്റില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications