കോൺഗ്രസുകാരെ മർദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരേ കേസെടുത്തു
തിരുവനന്തപുരം: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത് പോലീസ്. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ് സന്ദീപ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
അനിൽ കുമാറിനെ ഒന്നാം പ്രതിയായും സന്ദീപിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് അകമ്പടി വാഹനത്തിൽ നിന്നും ഗൺമാൻ ഇറങ്ങി മർദ്ദിച്ചതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഡിസംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കെ എസ് യു നേതാക്കളായ അജയ് ജ്യൂവൽ കുര്യാക്കോസും സുഹൃത്ത് തോമസ്സും കൂടി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കണ്ട് പോലീസ് ഇവരെ തടഞ്ഞ് മാറ്റി. എന്നാൽ തൊട്ട് പിന്നാലെ അകമ്പടി വാഹനത്തിൽ എത്തിയ അനിൽ ജനറൽ ആശുപത്രി ജങ്ഷൻ ട്രാഫിക് സിഗ്നലിന് സമീപം വെച്ച് കെ എസ് യു നേതാക്കളെ അസഭ്യം പറയുകയും ലാത്തി ഉപയോഗിച്ച് ഉപദ്രവിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.

അക്രമത്തിൽ കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇരുവർക്കും തലക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും എതിരെ കെ എസ് യുക്കാർ പോലീസിന് പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ജോലിയുടെ ഭാഗമായാണ് ഇരുവരും പ്രവർത്തിച്ചതെന്നായിരുന്നു സംഭവത്തിൽ പോലീസ് എസ് പിക്ക് നൽകിയ റിപ്പോർട്ട്. തുടർന്നാണ് എ ഡി തോമസ്, അജയ് ജ്യുവൽ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. വീഡിയോ സഹിതം ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ ആലപ്പുഴ സൗത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.
ഈ മാസം 15 നായിരുന്നു ആലപ്പുഴയിൽ നവകേരള പര്യടനം. ഇതിനിടയിലായിരുന്നു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർകരെ ഗൺമാൻ മർദ്ദിച്ചത്. ചുറ്റും പോലീസുകാർ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച ഗണ്‍മാന്‍ മര്‍ദിക്കാന്‍ ചാടിയിറങ്ങുകയായിരുന്നു. അതേസമയം നവകേരള സദസിനിടെ ഇടുക്കിയിൽ വെച്ച് മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതും ഇതേ ഗൺമാൻ ആയിരുന്നു. അന്നും കടുത്ത വിമർശനം ഇയാൾക്കെതിരെ ഉയർന്നിരുന്നു.












Click it and Unblock the Notifications