ഐഎഎസ്സുകാരുടെ തെറിവിളി കേട്ടിട്ടുണ്ടോ...
തിരുവനന്തപുരം: ഐഎഎസ്സുകാര്‍ എന്ന് പറഞ്ഞാല്‍ സമൂഹത്തില്‍ ഒരു നിലയും വിലയും ഉണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ നടക്കുന്ന സംഭവവികസങ്ങള്‍ കേള്‍ക്കുമ്പോള്‍ ഐഎഎസ്സുകാരെക്കുറിച്ച് 'അയ്യേ' എന്നാണത്രെ ആളുകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഐഎഎസ് അസോസിയേഷന്‍ യോഗത്തില്‍ തെറിവിളിയും വാഗ്വാദവും ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുവേള കയ്യാങ്കളിയിലേക്ക് പോലും ഐഎഎസ്സുകാര്‍ നീങ്ങിയെന്നും കോരള കൗമുദി റിപിപോര്‍ട്ട് ചെയ്യുന്നു.

ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരെ ഐഎഎസ്സുകാര്‍ക്കുള്ള പരാതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പോലും നില്‍ക്കാത്ത സ്ഥിതിയിലാണ് ഉള്ളത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരന്‍ യോഗം വിളിച്ചത്. ഈ യോഗത്തിലായിരുന്നു ഐഎഎസ്സുകാരുടെ തനിനിറം പുറത്ത് വന്നത്.
വാഗ്വാദത്തില്‍ വനിത ഐഎഎസ്സുകാരും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചുവത്രെ. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെടാതെ വന്നപ്പോള്‍ ഇറങ്ങിപ്പോയവരും കൂട്ടത്തിലുണ്ട്. ഐഎഎസ് കിട്ടുന്നതിന് മുന്പ് അഭ്യസിച്ച ആയോധന കലകള്‍ യോഗത്തില്‍ ഉപയോഗിക്കാന്‍ ശ്രമിച്ച ചിലരെ മറ്റുള്ളവര്‍ ചേര്‍ന്ന് തടഞ്ഞില്ലായിരുന്നെങ്കില്‍ പോലീസ് കേസ് പോലും ആയിപ്പോയേനെ.
സുരേഷ്‌ഗോപി സിനിമകളുടെ ഹാങ് ഓവര്‍ മാറാത്ത ഒരു ഉദ്യോഗസ്ഥന്‍ പച്ചത്തെറികളാണത്രെ യോഗത്തിനിടെ വിളിച്ചുപറഞ്ഞത്. അസോസിയേഷന്‍ ഭാരവാഹികളെ ഉടന്‍ തന്നെ മാറ്റണം എന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
തര്‍ക്കവും വാക്‌പോരും അസഭ്യവര്‍ഷവും ഇറങ്ങിപ്പോകലും ഒക്കെ കഴിഞ്ഞപ്പോള്‍ ഒരുകാര്യത്തില്‍ മാത്രം എല്ലാവരും കൂട്ടായ ചര്‍ച്ച നടത്തി. അത് ശമ്പള വര്‍ദ്ധനയെക്കുറിച്ച് മാത്രമായിരുന്നു.












Click it and Unblock the Notifications