തലച്ചോറില്‍ അണുബാധ; സനിലിന്റെ പരാതിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ ഡോക്ടര്‍ക്കെതിരേ കേസ്
കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനിലെ അപാകത മൂലം തലയോട്ടിയിലുണ്ടായ അണുബാധയെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായ യുവാവിന്റെ പരാതിയില്‍ നടപടി. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ഡെര്‍മ സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരെയാണ് കേസടുത്തത്. ക്ലിനിക്കിലെ രണ്ടു ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശിയായ ഡോ. ഡോ. ശരത് കുമാര്‍ ബത്തിനിയാണ് ശസ്ത്രക്രിയ നടത്തിയത്. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് ക്ലിനിക്കിനെ ബന്ധപ്പെടുന്നത്. മുടിവെച്ച് പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായ കൊച്ചി സ്വദേശി സനിലിന്റെ ഇപ്പോഴത്തെ ദുരിത ജീവിതം വണ്‍ഇന്ത്യ മലയാളം അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചികിത്സയിലെ പിഴവു മൂലം തലയോട്ടിയില്‍ അണുബാധയുണ്ടാവുകയും ജീവന്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. അണുബാധയെ തുടര്‍ന്ന് കൊച്ചി ലൂര്‍ദ്ദ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തലച്ചോര്‍ തിന്നുന്ന ബാക്ടീരിയകളെ കണ്ടെത്തി. ആരോഗ്യനില ഗുരുതരമായതോടെ ഇതുവരെ പതിനാലോളം ശസ്ത്രക്രിയകളാണ് നടത്തിയത്. വന്‍ തുകയാണ് ഇതുവരെ ചികിത്സയ്ക്കു ചിലവായത്.
അപകടനില തരണം ചെയ്‌തെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ ഇനിയും ശസ്ത്രക്രിയകള്‍ നടത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് തനിക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് കരുതി സനല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്രാഥമികമായ അന്വേഷണത്തിനു ശേഷമാണ് പൊലീസ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. മനുഷ്യ ജീവന് അപകടകരമായ പ്രവര്‍ത്തി ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ ഡോക്ടറുടെ യോഗ്യതകള്‍ സംബന്ധിച്ച് സനില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡോക്ടര്‍ക്ക് ഗുരുതരമായ ചര്‍മ്മ പ്രശ്‌നങ്ങളും കാഴ്ച തകരാറുകളും ഉണ്ടായിരുന്നു എന്നും സനില്‍ ആരോപിക്കുന്നുണ്ട്. ചികിത്സയ്ക്ക് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സനില്‍ മുടി മാറ്റിവയ്ക്കുന്ന ചികിത്സയ്ക്ക് വിധേയനായത്. അധികം വൈകാതെ തന്നെ കടുത്ത തലവേദന ഉള്‍പ്പെടെ അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ക്ലിനിക്കില്‍ എത്തി തുടര്‍ ചികിത്സ നടത്തിയെങ്കിലും വേദനയ്ക്കു കുറവുണ്ടായില്ല. ക്ലിനിക്കില്‍ നിന്ന് നല്‍കിയ സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ആരോഗ്യ നിലയും മോശമായി. ഇതോടെയാണ് എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയെ സമീപിച്ചത്. ഇവിടുത്തെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തലച്ചോറിനകത്ത് ബാക്ടീരിയകള്‍ കണ്ടെത്തി. തലയോടിന്റെ മുകള്‍ഭാഗം പൂര്‍ണമായും നശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കാലില്‍ നിന്നടക്കം തൊലി എടുത്താണ് തലയില്‍ വച്ചുപിടിപ്പിച്ചത്.
പൂര്‍ണ ആരോഗ്യവാനായിരുന്ന സനിലിന്റെ ജീവിതം ഇപ്പോള്‍ ഏറെ ദയനീയമായ അവസ്ഥയിലാണ്. തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേകം ട്യൂബ് ഘടിപ്പിച്ചിട്ടുണ്ട്. കിടക്കുമ്പോള്‍ ഇത് വിട്ടു പോകാതിരിക്കാന്‍ വലിയ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ മൂന്ന് മാസത്തോളമായി മനസമാധാനത്തോടെ ഉറങ്ങിയിട്ടെന്ന് വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സനില്‍ വികാരാധീനനായി പറഞ്ഞിരുന്നു.
ആരോഗ്യനില അല്‍പം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നിയമ നടപടികളുമായി സനില്‍ മുന്നോട്ടുപോയത്. മുടിവെച്ചു പിടിപ്പിക്കുന്നതിനായി അമ്പതിനായിരം രൂപയോളമാണ് കയ്യില്‍ നിന്ന് ചെലവായത്. അണുബാധ മൂലം ഉണ്ടായ ചികിത്സയ്ക്ക് ചെലവായ തുക ഉള്‍പ്പെടെ നഷ്ടപരിഹാരം തനിക്ക് ലഭിക്കണമെന്നാണ് സനിലിന്റെ ആവശ്യം. നിരവധി പേരാണ് ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നത്.
തനിക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്നും സനില്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ പിന്തുണയിലാണ് സനില്‍ ഇപ്പോള്‍ തിരിച്ചുവരുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് സനിലിന്റെ കുടുംബം.












Click it and Unblock the Notifications