പകർച്ചപ്പനി പ്രതിരോധം: സർക്കാർ പരാജയപ്പെട്ടു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപനി പടർന്നു പിടിക്കുകയാണെന്നും ഇന്ന് പനി ബാധിച്ച് ആറുപേർ മരിച്ചത് ഗൗരവതരമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പകർച്ച പനി പ്രതിരോധിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പ്രസ്താവനയിറക്കിയത് കൊണ്ടോ ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത് കൊണ്ടോ പനി നിയന്ത്രണവിധേയമാവുകയില്ല. മഴക്കാലം വരുന്നതിന് മുമ്പ് ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പകർച്ച പനി നിയന്ത്രണവിധേയമാവാതിരിക്കാൻ കാരണം. സംസ്ഥാനത്ത് ഡെങ്കി പനി പടർന്നു പിടിക്കുകയാണ്. എന്നിട്ടും ഇപ്പോഴും കൊതുക് നശീകരണത്തിനുള്ള കാര്യങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.

സർക്കാർ ആശുപത്രികളിൽ പനി ബാധിതരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ആവശ്യമായ മരുന്നുകളുടെ ലഭ്യതയില്ലാത്തത് രോഗികളെ വല്യ്ക്കുകയാണ്. പൊതു ഇടങ്ങളിൽ വെള്ളംകെട്ടി കിടക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതിനിടെ പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.
വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്‌സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്. പകർച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications