ഐഎന്‍എല്‍ ദേശീയ പാര്‍ട്ടി; ഞാന്‍ അഖിലേന്ത്യാ സെക്രട്ടറി, പിളര്‍ന്നിട്ടില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തരുരം: ഐഎന്‍എല്‍ അഖിലേന്ത്യാ പാര്‍ട്ടിയാണെന്നും പിളര്‍ന്നിട്ടില്ലെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഞയാറാഴ്ച കൊച്ചിയില്‍ നടന്ന കൂട്ടത്തല്ല് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. താന്‍ അഖിലേന്ത്യാ സെക്രട്ടറിയാണെന്നും കൊച്ചി സംഭവത്തെ കുറിച്ച് സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ വഹാബ് പക്ഷവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പക്ഷവും കഴിഞ്ഞ ദിവസത്തെ തല്ലിന് ശേഷം പരസ്പരം പുറത്താക്കിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി പിളര്‍ന്നത്.
എന്നാല്‍ ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറയുന്നു. താന്‍ പാര്‍ട്ടിയുടെ ഭാഗത്താണെന്നും പക്ഷം തുറന്നുപറയാതെ മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പമാണ് അഹമ്മദ് ദേവര്‍കോവില്‍ നില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐഎന്‍എല്‍ പിളര്‍ന്ന സാഹചര്യത്തില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ തീരുമാനം നിര്‍ണായകമാണ്. ഏത് പക്ഷത്തെയാണ് ഔദ്യോഗികമായി അംഗീകരിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാകും മന്ത്രിയുടെ ഭാവി.

അതേസമയം, പാര്‍ട്ടിയിലെ തര്‍ക്കം താല്‍ക്കാലികമാണെന്ന വിവരവും വരുന്നുണ്ട്. എല്‍ഡിഎഫ് യോഗത്തില്‍ ഏത് വിഭാഗം പങ്കെടുക്കുമെന്നതും ബാക്കിയുള്ള ചോദ്യമാണ്. സംസ്ഥാന കൗണ്‍സില്‍ ആണ് ഐഎന്‍എല്ലിനെ പരമോന്നത ബോഡി. 112 അംഗങ്ങളാണ് ഇതിലുള്ളത്. 72 പേര്‍ കൂടെയുണ്ടെന്ന് വഹാബ് പറയുന്നു. പ്രവര്‍ത്തകസമിതിയിലെ പകുതി പേരും തനിക്കൊപ്പമാണെന്നും അദ്ദേഹം വാദിക്കുന്നു.
കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് കാസിം ഇരിക്കൂറിനെതിരെ നടപടിയെടുക്കാനാണ് വഹാബ് പക്ഷത്തിന്റെ ആലോചന. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ ഇത്രയും പേരെ പങ്കെടുപ്പിച്ച് യോഗം ഉടനെ നടക്കാനിടിയില്ല. ഐഎന്‍എല്‍ അടിച്ചുപിരിയുന്ന കാഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഐഎന്‍എല്ലില്‍ ലയിച്ച പിടിഎ റഹീം വിഭാഗം അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് കൂട്ടത്തല്ലും പരസ്പരം പുറത്താക്കലും.












Click it and Unblock the Notifications