ദേശീയഗാനത്തെ കൂവിയ സല്‍മാന് ജാമ്യമില്ല; കൊലപാതകത്തേക്കാള്‍ കുറ്റമെന്ന് കോടതി
തിരുവനന്തപുരം: സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കവെ കൂവിയെന്ന കേസില്‍ അറസ്റ്റിലായ സല്‍മാന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. സല്‍മാന്‍ കൊലപാതകത്തെക്കാള്‍ വലിയ കുറ്റമാണ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആഗസ്ത് 20നാണ് സല്‍മാനും സുഹൃത്തുക്കളും തിരുവനന്തപുരത്തെ ഒരു തിയറ്ററില്‍വെച്ച് ദേശീയഗാനത്തെ അവഹേളിച്ചത്.
കൂടാതെ സല്‍മാന്റെ ഫേസ്ബുക്കില്‍ ദേശവിരുദ്ധതയുള്ള പോസ്റ്റുകളും പോലീസ് കണ്ടെത്തിയിരുന്നു. അതിനിടെ സല്‍മാനൊപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പുതുമഠം ലെയിനില്‍ ഹരിഹര ശര്‍മ കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആറുപേര്‍ കേസില്‍ പ്രതികളാണെന്ന് പറയുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല.

സല്‍മാന്റെ അറസ്റ്റിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ നേതൃത്വത്തില്‍ സല്‍മാന്‍ പ്രൊട്ടക്ഷന്‍ ഫോറം രൂപവത്കരിക്കുകയും കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ആംനെസ്റ്റി ഇന്റര്‍ നാഷണലും സല്‍മാനെതിരായ നടപടി വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു കാട്ടി രംഗത്തുവന്നിരുന്നു.
സല്‍മാനെ മാത്രം കേസില്‍ അറസ്റ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ സല്‍മാനൊപ്പം തിയറ്ററില്‍ ഉണ്ടായിരുന്നു. മാത്രമല്ല, ഒരു പെണ്‍കുട്ടി ദേശീയ പതാകയെ അധിക്ഷേപിച്ചു ഫേസ്ബുക്കിട്ട പോസ്റ്റിനെതിരെ പോലീസ് നടപടിയെടുത്തിരുന്നില്ല.












Click it and Unblock the Notifications