ഇറാഖ്: മലയാളി നഴ്സുമാരെ മാറ്റുന്നത് അജ്ഞാത സ്ഥലത്തേക്കോ?
ബാഗ്ദാദ്: തിക്രിത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. ഐസിസി തീവ്രവാദികളുടെ ശക്തികേന്ദ്രമായ മൊസ്യൂളിലേക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്ന് പറയുന്നുണ്ടെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. മൊസ്യൂളിലേക്ക് തന്നെയാണോ ഇവരെ കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.
തിക്രിത് വിടണം എന്ന് തീവ്രവാദികള്‍ ആവശ്യപ്പെട്ടകാര്യം അധികൃതരെ അറിയിച്ചപ്പോള്‍, തീവ്രവാദികള്‍ പറയുന്നത് പോലെ തത്കാലം ചെയ്യാനാണത്രെ നഴ്‌സുമാര്‍ക്ക് അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം. നഴ്‌സുമാരെ മൊസ്യൂളിലേക്ക് മാറ്റാന്‍ വേണ്ടി ആശുപത്രിക്ക് പുറത്തിറക്കിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് നഴ്‌സുമാര്‍ തീവ്രവാദികള്‍ക്കൊപ്പം പോയതെന്ന് ബന്ധുക്കള്‍ പറയുന്നു

ചിലരുടെ ഫോണുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പോകുന്ന വഴിയില്‍ ഇടക്കിടെ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പറയുന്നു.
ഒഴിഞ്ഞുപോയില്ലെങ്കില്‍ ആശുപത്രിക്ക് നേരെ ബോംബാക്രമണം ഉണ്ടാകുമെന്നായിരുന്നത്രെ തീവ്രവാദികള്‍ നഴ്‌സുമാരോട് പറഞ്ഞത്. ഒന്നുകില്‍ തങ്ങള്‍ സ്‌ഫോടനം നടത്തും, അല്ലെങ്കില്‍ സൈന്യം സ്‌ഫോടനം നടത്തും എന്നാണത്രെ പറഞ്ഞത്.
എന്നാല്‍ ആശുപത്രിക്ക് നേരെ ഒരു തരത്തിലും ഉള്ള സൈനിക നടപടി നടത്തരുതെന്ന് സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് വിവരം. സൈന്യം നടത്തിയ സ്‌ഫോടനത്തിലാണോ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തിലാണോ നഴ്‌സുമാര്‍ക്ക് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല.
ഇറാഖ് അധികൃതരുമായും വിമതരുമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശം ചെന്നിത്തലയും ആവര്‍ത്തിച്ച് പറയുന്നത്. സുരക്ഷ പ്രശ്‌നങ്ങളുളളതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications