''വയസ്സുകാലത്ത് വീടിനകത്ത് അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്'', പി ജയരാജനോട് ശോഭ സുരേന്ദ്രൻ
കോഴിക്കോട്: സ്പീക്കര്‍ എഎന്‍ ഷംസീറിന് നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രന്‍ രംഗത്ത്. വയസ്സുകാലത്ത് വീടിനകത്ത് അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
''വളരെയേറെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സിപിഎമ്മിന്റെ ആയുധമായി പ്രവര്‍ത്തിച്ച ഒരാളാണ് പി ജയരാജന്‍. ജയരാജനോട് പറയാനുളള വയസ്സുകാലത്ത് ഉളള പരാധീനതകളുമായി വീടിനകത്ത് ഇരിക്കുന്നതാണ് അങ്ങേയ്ക്ക് നല്ലത്. കാരണം കാലം കുറേ മുന്നോട്ട് പോയി മിസ്റ്റര്‍ ജയരാജന്‍'', ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

''നിങ്ങളെ പോലുളള ഗുണ്ടാ നേതാക്കന്മാരുടെ വാക്കുകള്‍ കേട്ട് തല കുനിച്ച്, പിണറായി വിജയന്റെ മുന്നില്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ യുവമോര്‍ച്ചക്കാരും ബിജെപിക്കാരുമെന്ന ധാരണ വേണ്ട. അല്ലെങ്കിലേ കുറേ അസ്വസ്ഥതകളുമായിട്ടാണ് ജീവിക്കുന്നത്. മോര്‍ച്ചറിയില്‍ നിങ്ങള്‍ ഒരുപാട് പേരെ കിടത്തിയിട്ടുണ്ട്. പന്ന്യന്നൂര്‍ ചന്ദ്രനെ നിങ്ങള്‍ മോര്‍ച്ചറിയിലാക്കി. അശ്വിനിയെ നിങ്ങള്‍ മോര്‍ച്ചറിക്കകത്താക്കി. എന്റെ സഹപ്രവര്‍ത്തകന്‍ ജയകൃഷ്ണനെ നിങ്ങള്‍ മോര്‍ച്ചറിക്കകത്താക്കി. 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ ഇല്ലാതാക്കി രമയെ കണ്ണീരണിയിച്ചു''.
''ഒരുപാട് ബലിദാനികളെ കണ്ട നാടാണ് കേരളം. ഇതിനുളള ആവതൊന്നും ജയരാജന് ഇപ്പോള്‍ തല്‍ക്കാലമില്ല. ജയരാജന് ഏതെങ്കിലും രീതിയില്‍ പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കും. അല്ലാതെ മൈതാനത്ത് നിന്ന് പോരാട്ടം നടത്താനുളള തന്റേടവും ചങ്കൂറ്റവുമൊന്നും അങ്ങേക്കില്ല. യുവമോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ അവരുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കും''.
ലീഗിന്റെ കുത്തക എങ്ങനെയാണ് ജയരാജന്‍ ഏറ്റെടുക്കുന്നത് എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ''കേരളം പഴയ കേരളമല്ല. ഏറെ ദൂരം മുന്നോട്ട് പോവുകയാണ്. ജയരാജന്റെ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേക നിയമം എന്റെ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേക നിയമം അതൊന്നുമില്ല. ഒരക്രമത്തിനും പോകണ്ട. താങ്കള്‍ക്ക് അല്ലെങ്കിലേ ശാരീരികമായി വയ്യ. ഇക്കാര്യത്തില്‍ അടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്'', ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications