പ്രസ് മീറ്റ് എഴുതി തയ്യാറാക്കുന്ന ഉപദേശകനെ മാറ്റുന്നതാണ് നല്ലത്; മുഖ്യമന്ത്രിയോട് ബി ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് വാര്‍ത്താസമ്മേളനത്തിലെ അക്ഷര പിഴവ് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇന്ന് തന്നെ അങ്ങ് എതാണ്ട് നാല് പ്രാവശ്യം 'കോസ്റ്റല്‍ ഗാര്‍ഡ്' എന്ന് പറയുക ഉണ്ടായി, 'കോസ്റ്റല്‍ ഗാര്‍ഡ്' അല്ല ശരി 'കോസ്റ്റ് ഗാര്‍ഡ്' ആണെന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
താങ്കളുടെ പ്രെസ് മീറ്റ് എഴുതി തയ്യാറാക്കുന്ന ഉപദേശകനെ മാറ്റുന്നതാണ് നല്ലതെന്ന ഒരഭിപ്രായവും താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഗോപാലകൃഷ്ണന്ഡ കുറിപ്പില്‍ പങ്കുവയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഉപദേശകനെ മാറ്റുന്നതാണ് നല്ലത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാന്‍, 'കോസ്റ്റല്‍ ഗാര്‍ഡ്' അല്ല സര്‍, 'കോസ്റ്റ് ഗാര്‍ഡ്! ഒരിക്കല്‍ കൂടി കേരളത്തില്‍ അധികാരത്തില്‍ വന്നതിനു ആശംസകള്‍ അറിയിക്കുന്നതിനോടൊപ്പം താങ്കളുടെ പ്രെസ് മീറ്റ് എഴുതി തയ്യാറാക്കുന്ന ഉപദേശകനെ മാറ്റുന്നതാണ് നല്ലതെന്ന ഒരഭിപ്രായവും താങ്കളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

വിഷമത്തോടെ പറയട്ടെ
അങ്ങ് വൈകുന്നേരം നടത്തുന്ന കോവിഡ് പത്രസമ്മേളനത്തില്‍, എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആണ് വായിക്കാറുള്ളത് എന്നറിയാം, നാക്കു പിഴ ഒഴിവാക്കാന്‍ അത് നല്ലതുമാണ്. പക്ഷെ പലപ്പോഴായി, പലതും അങ്ങ് തെറ്റായിട്ടാണ് ഉച്ചരിക്കുന്നതെന്നു വിഷമത്തോടെ പറയട്ടെ. എഴുതി തരുന്ന ഉപദേശകരുടെ കുഴപ്പം എന്നെ ഞാന്‍ പറയൂ.

ശ്രദ്ധിച്ചാല്‍ നന്നായിരിക്കും
ഇന്ന് തന്നെ അങ്ങ് എതാണ്ട് നാല് പ്രാവശ്യം 'കോസ്റ്റല്‍ ഗാര്‍ഡ്' എന്ന് പറയുക ഉണ്ടായി, 'കോസ്റ്റല്‍ ഗാര്‍ഡ്' അല്ല ശരി 'കോസ്റ്റ് ഗാര്‍ഡ്' ആണ്. എഴുതി തന്നപ്പോള്‍ വന്ന പിശകാകാം. ഇത് മന്ത്രിസഭയുടെ തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ആദ്യം താങ്കള്‍ 'കോസ്റ്റല്‍' എന്ന് പറഞ്ഞപ്പോള്‍ ഒരു നാക്കുപിഴ എന്നാണ് കരുതിയത്, പക്ഷെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എഴുത്തു പിഴയാണെന്നു മനസ്സിലായി.

തുറന്ന മനസ്സോടെ വായിക്കാറുണ്ട്
സാധാരണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ഒരു വരി തെറ്റിയാല്‍, ഒരു പദം തെറ്റിയാല്‍ താങ്കളുടെ പാര്‍ട്ടിക്കാരുടെ, പാര്‍ട്ടി പത്രത്തിന്റെ, പാര്‍ട്ടി ചാനലിന്റെ ഒക്കെ പരിഹാസങ്ങള്‍ ഞങ്ങള്‍ തുറന്ന മനസ്സോടെ വായിക്കാറുണ്ട്, കേള്‍ക്കാറുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പിക്കാര്‍ ഒരു പദം തെറ്റിച്ചാല്‍ പിന്നെ അതിന്റെ പേരില്‍ ഉള്ള പരിഹാസങ്ങളും ട്രോളുകളും വേറെ.

ഉപദേശകരുടെ പിഴവുകള്‍
ഇതും അതുപോലെയെന്നു താങ്കള്‍ തെറ്റിദ്ധരിക്കില്ലെന്നു വിശ്വസിക്കുന്നു, നേരിട്ട് പറയാന്‍ തല്‍ക്കാലം കഴിയാത്തതു മൂലം ഇവിടെ സൂചിപ്പിക്കുകയാണ്. തുടക്കത്തില്‍ തന്നെ ഉപദേശകരുടെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം. വിപ്ലവ അഭിനന്ദനങ്ങള്‍.












Click it and Unblock the Notifications