'ജസ്‌റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം'; പി സതീദേവി
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ജസ്‌റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. റിപ്പോർട്ട് പുറത്തുവിടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ഈ നടപടി സഹായിക്കുമെന്നും കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി വിധിയെ സതീദേവി സ്വാഗതം ചെയ്‌തു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു. വിവരാവകാശ കമ്മീഷന്റെ നിർദേശപ്രകാരം ഈ റിപ്പോർട്ട് പുറത്തുവിടുന്നത് അത്യാവശ്യമാണ്. ആരുടേയും സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ ഇത് പുറത്തുവിടാമെന്നും അവർ ചൂണ്ടിക്കാട്ടി.

'എന്തെല്ലാം പ്രശ്‌നങ്ങളാണ് കമ്മീഷൻ കണ്ടെത്തിയത്, ആ റിപ്പോർട്ടിലുള്ളത് എന്താണെന്ന് പറയാന്‍ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് തയ്യാറാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയും അറിയിച്ചിട്ടുണ്ട്. അതിനാൽ മറ്റുള്ളവരുടെ സ്വകാര്യത മാനിച്ചു കൊണ്ട് റിപ്പോർട്ട് പുറത്ത് വിടണമെന്നാണു വനിതാ കമ്മീഷന്റെ ആഗ്രഹം' സതീദേവി നിലപാട് വ്യക്തമാക്കി.
'സിനിമാ മേഖലയിൽ ആത്മാഭിമാനത്തോടെയും ഏറ്റവും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാക്കാൻ ഈ വിധി സഹായമാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. മറ്റൊരാളുടെയും സ്വകാര്യതയ്ക്ക് ഭംഗം വരുത്താതെ ഈ റിപ്പോർട്ട് പുറത്തു വിടണമെന്നാണു വനിതാ കമ്മീഷന്റെ അഭിപ്രായം' അധ്യക്ഷ പറഞ്ഞു.
'ഒരു പരാതി പരിഹാര സെൽ പോലും സിനിമാ മേഖലയിൽ ഇല്ലായിരുന്നു. പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ് ഈ റിപ്പോർട്ട്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് പൊതുസമൂഹത്തോട് സർക്കാർ തന്നെ പറയണം. ഈ പ്രശ്‌നങ്ങൾക്ക് സർക്കാരിന് എന്ത് പരിഹാരം കാണാൻ കഴിയുമെന്നും വിലയിരുത്താം' സതീദേവി ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ അടയാളപ്പെടുത്തുന്ന ജസ്‌റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്നാണ് കേരള ഹൈക്കോടതി തള്ളിയത്. എന്തന്നാൽ റിപ്പോർട്ട് ഒരാഴ്‌ച കഴിഞ്ഞ് മാത്രമേ പുറത്തുവിടാൻ പാടുള്ളൂ എന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.
നേരത്തെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നായിരുന്നു കമ്മീഷന്റെ നിർദ്ദേശം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാതാവ് സജി പാറയിൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications