മണി ബിയര്‍ കഴിച്ചിരുന്നു; പൂര്‍ണ ആരോഗ്യവാന്‍; സത്യം പുറത്തുവരണമെന്ന് ജാഫര്‍ ഇടുക്കി
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത നടന്‍ ജാഫര്‍ ഇടുക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. മണിയുടെ ഔട്ട്ഹൗസില്‍ താനും സുഹൃത്തുക്കളും പോയിരുന്നതായും മണിയുമായി സംസാരിച്ചിരുന്നതായും ജാഫര്‍ ഒരു ചാനലിനോട് വ്യക്തമാക്കി.
മണിയുടെ പാഡി എന്ന ഔട്ട്ഹൗസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒത്തുകൂടിയത്. രാത്രി ഏഴ് മുതല്‍ 11 മണിവരെ താന്‍ മണിയോടൊപ്പം ഉണ്ടായിരുന്നു. സൗഹൃദം പുതുക്കുകയും ഒരു സിനിമയെക്കുറിച്ച് സംസാരിക്കാനുമാണ് ഒത്തുകൂടിയത്. തനിക്കൊപ്പം സിനിമയിലെ ചില സുഹൃത്തുക്കളും മണിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു.

അന്ന് അസ്വാഭാവികമായി ഒന്നും നടന്നിരുന്നില്ല. മണി ബിയര്‍ കഴിച്ചിരുന്നു. മറ്റു ലഹരിപദാര്‍ഥങ്ങള്‍ മണിയോ അവിടെ കൂടിയിരുന്നവരോ കഴിച്ചിരുന്നില്ല. മണി പൂര്‍ണ ആരോഗ്യവാനും പതിവിലും കൂടുതല്‍ സന്തോഷവാനും ആയിരുന്നു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുവാന്‍പോലും മണിക്ക് കഴിയിരുന്നില്ല. മണിയുടെ ഉള്ളില്‍ വിഷം ചെന്നിട്ടുണ്ട് എന്ന വിവരം വാസ്തവമെങ്കില്‍ സത്യാവസ്ഥ പുറത്തുവരണമെന്ന് ജാഫര്‍ പറഞ്ഞു.
മണിയുമായി കൂടിക്കാഴ്ച നടന്നതിന്റെ പിറ്റേദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയ വിവരം അറിയുന്നതെന്നും ജാഫര്‍ സൂചിപ്പിച്ചു. മണിയുടെ അസ്വാഭാവിക മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംവന്നാല്‍ മാത്രമേ മണിയുടെ മരണകാരത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ.












Click it and Unblock the Notifications