തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും മഞ്ഞപിത്തബാധ
തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും മഞ്ഞപിത്തബാധ. പുതുതായി എഴുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍. ആഴ്ചകള്‍ക്കുമുന്‍പ് മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അടച്ചിട്ടിരുന്നു. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു കോളേജും ഹോസ്റ്റലും അടച്ചത്.
പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിക്കും മുന്‍പേ കോളേജ് അടച്ചിട്ടത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പരീക്ഷകള്‍ ആസന്നമായ സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വീണ്ടും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമായത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്നവര്‍ക്കാണ് മഞ്ഞപ്പിത്ത ബാധ കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. ഒരു വര്‍ഷം മുന്‍പ് സമാനരീതിയില്‍ മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് ക്യാമ്പസിലെയും ഹോസ്റ്റലിലെയും ജലസ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രണ്ടാഴ്ച മുന്‍പ് ക്യാമ്പസിലെ കിണറുകളില്‍ ആരോഗ്യവകുപ്പ് സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു. എന്നിട്ടും പ്രശ്‌നം അവസാനിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. നൂറ്റമ്പതോളം പേരെങ്കിലും മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചികിത്സ തുടരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications