ജസ്‌ന തിരോധാനക്കേസ്; പിതാവിന്റെ ഹർജി ഇന്ന് കോടതിയിൽ, സിബിഐ വിശദീകരണം നിർണായകം
തിരുവനന്തപുരം: കേന്ദ്ര ഏജൻസിയായ സിബിഐ വന്നിട്ട് പോലും തെളിയാത്ത ജസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ ഹർജി ഇന്ന് കോടതിയിൽ. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജസ്‌നയുടെ പിതാവ് തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. ഇതിൽ വിശദീകരണം നൽകാൻ സിബിഐയ്ക്ക് കോടതി അനുവദിച്ച രണ്ടാഴ്‌ചത്തെ സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.
കേസിലെ പല നിർണായക കാര്യങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നാണ് ജസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിക്കുന്നത്. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ ഒന്നും തന്നെ സിബിഐ കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇത് സിബിഐ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.

ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കുണ്ടെന്നതിനോ മതപരിവർത്തനം നടത്തിയതിനോ തെളിവില്ലെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു. ജസ്‌ന മരിച്ചെന്ന് കണ്ടെത്താനായിട്ടില്ല എന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ ജസ്‌നയെ കണ്ടെത്താനായില്ല എന്ന റിപ്പോർട്ട് കേസിൽ ഏറെ നിർണായകമാണ്.
മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരുന്നു ജസ്‌ന അപ്പോൾ. ആദ്യഘട്ടം മുതൽ തന്നെ അന്വേഷണ ഏജൻസികളെ വലച്ച കേസിൽ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വീട്ടിൽ നിന്നിറങ്ങിയ ശേഷം ജസ്‌ന എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. എന്നാൽ പിന്നീട് ആരും പെൺകുട്ടിയെ കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്‌ന മൊബൈൽ ഫോൺ എടുത്തിരുന്നില്ല എന്നതാണ് മൊബൈൽ ലൊക്കേഷൻ പരിശോധിക്കുന്നതിന് ഉൾപ്പെടെ തടസ്സമായത്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയായിരുന്നു. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു, എന്നിട്ടും ഫലമുണ്ടായില്ല. തുടർന്ന് 2021 ഫെബ്രുവരിയിൽ കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റായിരുന്നു കേസ് അന്വേഷിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ലൂക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ സിബിഐ പുറത്തിറക്കിയിരുന്നു.പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയെയും ചോദ്യം ചെയ്‌തു. അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നിട്ടും കേസിൽ കാര്യമായ തുമ്പൊന്നും കിട്ടാനായില്ല എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications