ജെസ്‌നയുടെ തിരോധാനം; സിബിഐ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനം, ഒരു ചോദ്യം മാത്രം ബാക്കി...
തിരുവനന്തപുരം: ഏറെ കോളിളക്കാം സൃഷ്‌ടിച്ച ജെസ്‌ന തിരോധാന കേസിലെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്‌നയെ കണ്ടെത്താനായില്ലെന്നും പെൺകുട്ടിക്ക് എന്താണ് സംഭവിച്ചെന്നതിന് തെളിവില്ലെന്നും സിബിഐ കോടതിയിൽ അറിയിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാതെ കേസിൽ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ജെസ്‌ന മരിയ ജയിംസ്. 2018 മാർച്ച് 22നാണ് 20 വയസുകാരി ജസ്‌ന മരിയയെ കാണാതെ ആയത്. വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകളാണ് ജസ്‌ന മറിയ. കാണാതായതിന് പിന്നാലെ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയിൽ മാറി മാറി കേസിന്റെ അന്വേഷണം പല ഏജന്‍സികള്‍ നടത്തുകയും ചെയ്‌തിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ജെസ്‌നയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം സിബിഐയെ ഏൽപിച്ചത്. ഇപ്പോൾ അവരും കൈയ്യഴിഞ്ഞതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾ അസ്‌തമിച്ചു.
2018 മാര്‍ച്ച് 22നാണ് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ജെസ്‌ന തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസിലായിരുന്നു ജെസ്‌നയുടെ യാത്ര. ഇതിന് തെളിവും ഉണ്ട്. എന്നാൽ, പിന്നീട് ആരും ജെസ്‌നയെ കണ്ടിട്ടില്ല. മകളെ കാണാനില്ലെന്ന് മനസ്സിലായതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജെസ്‌നയുടെ വീടും പരിസരവും വനങ്ങളിലും പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയായിരുന്നു. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു, എന്നിട്ടും ഫലമുണ്ടായില്ല.
തുടർന്ന് 2021 ഫെബ്രുവരിയിൽ ആയിരുന്നു കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റായിരുന്നു പ്രമാദമായ തിരോധാന കേസ് അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ലൂക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ സിബിഐ പുറത്തിറക്കിയിരുന്നു.
മുംബൈ, ബെംഗളൂരു, പൂനൈ, ചെന്നൈ എന്നീ ഇടങ്ങളിൽ ജെസ്‌ന എത്തിയെന്നുളള വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന് ശേഷം ഈ സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി നിരവധി മൊബൈൽ ഫോൺ കോളുകൾ പരിശോധിച്ചു. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയെയും ചോദ്യം ചെയ്‌തു. അഞ്ച് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നിട്ടും കേസിൽ കാര്യമായ തുമ്പൊന്നും കിട്ടിയില്ല.












Click it and Unblock the Notifications