ദുബായില്‍ ജോലി വേണോ: എങ്കില്‍ സോഷ്യല്‍ മീഡിയ കാര്യമായി സൂക്ഷിച്ചോ, ഇല്ലെങ്കില്‍ പണി കിട്ടും
സോഷ്യല്‍ മീഡിയ എന്നത് ഇന്ന് പലരേയും സംബന്ധിച്ച് ഒഴിവാക്കാന്‍ പറ്റാത്ത, ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ വലിയ വില്ലനായി തീരുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍ വർഗീയ, അധിക്ഷേപ കമന്റുകള്‍ പങ്കുവെച്ചതിലൂടെ പല പ്രവാസികളുടെ ജോലി തന്നെ നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒന്ന് രണ്ട് പേർ ജയിലിലുമായി.
സോഷ്യല്‍ മീഡിയ വളരെ നല്ല ഒരു കാര്യമാണെങ്കിലും അത് ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ജോലി ലഭിക്കാനുള്ള സാധ്യത കുറയുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് യു എ യിലെ കമ്പനികള്‍ തൊഴിലന്വേഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കുകയും വ്യക്തിയുടെ സ്വഭാവവിശേഷങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

25 രാജ്യങ്ങളിൽ സാന്നിധ്യമുള്ള, 2,200-ലധികം ജീവനക്കാർ ജോലി ചെയ്യുന്ന ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വലിയ രീതിയില്‍ പരിശോധന നടത്തുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രമുഖ മലയാളി വ്യവസായിയായ സോഹന്‍ റോയിയാണ് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയും.
തൊഴിലാളികളെ കേവലം ജോലിക്കാരായി മാത്രം കാണുന്നില്ലെന്നും അവരെ ഒരു കുടുംബമായിട്ടാണ് കാണുന്നതെന്നും സോഹന്‍ റോയി വ്യക്തമാക്കുന്നു. "ഞങ്ങൾ എല്ലാ ജീവനക്കാരേയും കുടുംബാംഗങ്ങളായി കരുതുന്നു,, അതിനാൽ ഞങ്ങൾ അവരെ മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുന്നു. അതുകൊണ്ട് ആ കുടുംബത്തിലേക്കുള്ള പ്രവേശനം എളുപ്പമല്ല. പുതിയ ജീവനക്കാരൻ തിരഞ്ഞെടുക്കുമ്പോൾ നിരവധി ഫിൽട്ടറേഷന് ഇടയാകുന്നു. ഞങ്ങൾ മാർക്ക് നോക്കുന്നില്ല. നമ്മൾ സ്വഭാവം നോക്കുന്നു.''- സോഹന്‍ റോയി പറയുന്നു.

സോഷ്യൽ മീഡിയ പേജുകളും മറ്റും പരിശോധിക്കുന്നത് ഉൾപ്പെടുന്ന ഒരു വലിയ പ്രക്രിയ ഉദ്യോഗ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും ശരിയായ പരിശീലനം നേടിയിട്ടുണ്ടെന്നും ഞങ്ങള്‍ ഉറപ്പ് വരുത്തുന്നു. അതേസമയം, പ്രോക്‌സികളുടെയും റസിഡൻഷ്യൽ വിപിഎൻ സേവനങ്ങളുടെയും ദാതാക്കളായ പ്രോക്‌സിറാക്ക് യുഎഇയെ 'ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം' എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല, 100 ശതമാനത്തിലധികം പേർ ഫേസ്ബുക്ക് ഉള്ളവരിൽ ഏറ്റവും ഉയർന്ന ശതമാനവും യുഎഇയിലാണ്.
ജീവനക്കാർ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ,
പ്രത്യേകിച്ച് ലിങ്ക്ഡ്ഇനിൽ പ്രൊഫഷണലിസത്തിന്റെ ഒരു ഘടകം നിലനിർത്തുന്നത് പ്രധാനമാണെന്നാണ് കൂപ്പർ ഫിച്ചിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് ടീമിലെ റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റായ ലോറൻ സ്വാനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചിലപ്പോൾ കമ്പനികൾ ഏതെങ്കിലും പ്രസക്തമായ സോഷ്യൽ പേജ് പങ്കിടാൻ ജീവനക്കാരോട് ആവശ്യപ്പെട്ടേക്കാമെന്നും അവർ പറയുന്നു.
ലിങ്കിഡ് ഇന്‍ മാത്രമല്ല, ട്വിറ്റർ, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകളും കമ്പനികള്‍ ഇത്തരത്തില്‍ ഉദ്യോഗാർത്ഥികളോട് ചോദിക്കുന്നത്. ഇതിലൂടെ ഉദ്യോഗാർത്ഥിയെ സംബന്ധിച്ച കൃത്യമായ ബോധം കമ്പനികള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
"ആളുകൾ അവരുടെ സോഷ്യൽ മീഡിയയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം, കാരണം ഇത് റിക്രൂട്ടിങ് പ്രക്രിയയിലുടനീളം പരിശോധിക്കപ്പെടുമെന്നത് ഞങ്ങളുടെ അനുഭവമാണ്," സ്വാൻ പറഞ്ഞു.
"സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ആളുകളുടെ ജീവിതത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകാനും കൂടുതൽ വ്യക്തിപരമായ തലത്തിൽ ആരെയെങ്കിലും നന്നായി അറിയാനുള്ള ഒരു ഉപയോഗപ്രദമായ ഉപകരണമാകാനും കഴിയും .അവർ അത്തരം ഉള്ളടക്കം അവരുടെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുകയാണെങ്കിൽ അതിലെല്ലാം സൂക്ഷ്മത പുലർത്തുന്നത് നല്ലതാണ്" അവർ പറഞ്ഞു. യു എ ഇയിലെ നിരവധി കമ്പനികള്‍ ഇപ്പോള്‍ ഇതൊരു പുതിയ രീതിയാക്കി എടുത്തിട്ടുണ്ടെന്നും സ്വാന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications