'എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാവും'; കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-ഫോൺ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റ് ചൂഷണങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇനി എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'അതും നമ്മൾ നേടിയിരിക്കുന്നു. എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന പദ്ധതി പ്രഖ്യാപിച്ചപ്പോൾ സ്വപ്നം എന്ന് മാത്രമേ കരുതിയുള്ളൂ. പക്ഷേ അത് ഇവിടെ യാഥാർത്യമാകുകയാണ്.കെ ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്. ഇൻ്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്', മുഖ്യമന്ത്രി പറഞ്ഞു.

'കോവിഡാനന്തര ഘട്ടത്തില്‍ പുതിയ ഒരു തൊഴില്‍സംസ്‌കാരം രൂപപ്പെട്ടുവരികയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് എവേ ഫ്രം ഹോം എന്നിങ്ങനെയുള്ള പ്രവൃത്തിരീതികള്‍ വര്‍ദ്ധിച്ച തോതില്‍ നിലവില്‍ വരികയാണ്. അവയുടെ പ്രയോജനം നമ്മുടെ ചെറുപ്പക്കാര്‍ക്ക് ലഭിക്കണം എന്നുണ്ടെങ്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാട്ടില്‍ എല്ലായിടത്തും ഉണ്ടാകണം. അതിനുള്ള ഉപാധിയാണ് കെ-ഫോണ്‍ പദ്ധതി.
മികച്ച വാസസ്ഥലമായി കണക്കാക്കപ്പെടുന്ന കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളില്‍ പലരും ഇവിടെ തന്നെ താമസിക്കാനും ഇവിടെ നിന്ന് ജോലി ചെയ്യാനും ഒക്കെ ആഗ്രഹിക്കുന്നവരാണ്. ആ ചിന്താഗതി ഉള്ളവരെ കൂടി ആകര്‍ഷിച്ചുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കെ-ഫോണിലൂടെ നമുക്ക് കഴിയും. അതേസമയം തന്നെ ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്നും ഉറപ്പുവരുത്തുകയാണ്.
കെ-ഫോണ്‍ ഒരു പൊതുമേഖലാ സംരംഭമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുകയും വിറ്റുതുലയ്ക്കുകയും ചെയ്യുന്ന നയ-നിലപാടുകള്‍ക്കുള്ള കേരളത്തിന്റെ ബദലാണിത്. കേന്ദ്രം വില്‍പ്പനയ്ക്കുവെച്ച ഭെല്‍ - ഇ എം എല്‍, എച്ച് എന്‍ എല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ബദല്‍ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണിത്. ടെലികോം മേഖലയിലുള്ള ബി എസ് എന്‍ എല്ലിന്റെ ഇന്നത്തെ അവസ്ഥ നമുക്കറിയാം. മുമ്പ് വി എസ് എന്‍ എല്ലിന് എന്താണ് സംഭവിച്ചത് എന്നും നമുക്കറിയാം. എല്‍ ഐ സിയോട് ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനമെന്താണെന്ന് നാം കാണുന്നുണ്ട്. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തില്‍ ബദല്‍ ഉയര്‍ത്തിക്കൊണ്ട് കേരളം പൊതുമേഖലയ്‌ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ നമ്മള്‍ നടത്തിയിരിക്കുന്നത്', മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്നത്തിനായും ഡിജിറ്റൽ വിഭജനം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് അഥവാ കെഫോൺ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രസ്ട്രക്ചർ ഇതിനോടകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതൽ വേഗതയോടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും കഴിയും.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ ഈ പദ്ധതി കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനാണ് കെഫോൺ പദ്ധതിയുടെ നടത്തിപ്പവകാശം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്.ആർ.ഐ.റ്റി എന്നീ കമ്പനികളാണ് കൺസോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications