'രഞ്ജി പണിക്കരല്ല'.. കെ മുരളീധരന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന 'അടിച്ചുമാറ്റല്‍' വിദഗ്ധനാര്?

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

'കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം' - പ്രേമം സിനിമയില്‍ നിവിന്‍ പോളിയുടെ അച്ഛനായി അഭിനയിച്ചപ്പോള്‍ രഞ്ജി പണിക്കര്‍ പൊട്ടിച്ച ഡയലോഗ് പോലെ ഒരെണ്ണം. വെറുതെയാണോ ആളുകള്‍ ചോദിച്ചുപോയത് - കെ മുരളീധരന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് രഞ്ജി പണിക്കരാണോ എന്ന്. അത്രയ്ക്കും കിണ്ണം കാച്ചിയ രണ്ട് പോസ്റ്റുകളല്ലേ പത്ത് ദിവസം കൊണ്ട് വന്നത്.

Read Also: ഫേസ്ബുക്കിലെ ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റുകള്‍ കെ മുരളീധരന്‍ അടിച്ചുമാറ്റിയതാണോ.. ഇതാ തെളിവുകൾ!

നോട്ട് നിരോധനത്തില്‍ നരേന്ദ്ര മോദിക്കെതിരെ, കമലിനെതിരെ പ്രസ്താവന നടത്തിയ ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ - ഫേസ്ബുക്കില്‍ കെ മുരളീധരന്റെ പേരില്‍ വന്ന ഈ രണ്ട് പോസ്റ്റുകളും വന്‍ ഹിറ്റായി. വലിയ ശ്രദ്ധ നേടി. പക്ഷേ രണ്ടും തമ്മില്‍ ഒരു ബന്ധമുണ്ട് - രണ്ടും അടിച്ചുമാറ്റിയ പോസ്റ്റുകളാണ് പോലും. എങ്കില്‍ ആരാണ് കെ മുരളീധരന്റെ പേജ് കൈകാര്യം ചെയ്യുന്ന ആ വിദഗ്ധന്‍ - സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക്...

മുരളിയുടെ പേജിന് പിന്നില്‍ ആര്

മുരളിയുടെ പേജിന് പിന്നില്‍ ആര്

സംഗതി വൈറല്‍ ആയെങ്കിലും പേജ് കെ. മുരളീധരന്‍ നേരിട്ട് നിയന്ത്രിക്കുന്നത് അല്ലെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായിരിക്കുന്നു. അറിഞ്ഞ സത്യം തുറന്നു പറയുന്നതില്‍ അപാകത ഇല്ലല്ലോ - കെ മുരളീധരന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ കോപ്പിയടിച്ച രണ്ട് പോസ്റ്റുകളുടെയും ഉടമയായ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണിത്. എങ്കില്‍ ആരാണ് മുരളിയുടെ പേജ് നിയന്ത്രിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

വിദഗ്ധമായ എഡിറ്റിങ്

വിദഗ്ധമായ എഡിറ്റിങ്

കേരളത്തില്‍ നിന്ന് കമല്‍ - എന്നൊരു വരി കൂട്ടിച്ചേര്‍ത്ത് കെ മുരളീധരന്‍ ഫേസ്ബുക്ക് പേജിലിട്ടത് നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ 2015ലെ ഒരു പോസ്്റ്റാണ്. ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്? ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍, റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍, ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി, തമിഴകത്ത് നിന്ന് കമല്‍ഹാസന്‍, നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍, എഴുത്തുകാരന്‍ അശോക് വാജ്‌പേയ്, ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി, വാരണാസിയില്‍ നിന്ന് കവി കാശിനാഥ്... - ഇങ്ങനെ പോകുന്നു രണ്ട് പോസ്റ്റിലെയും സമാനമായ വരികള്‍.

ഇതാണ് ക്ലാസ് ഡയലോഗ്

ഇതാണ് ക്ലാസ് ഡയലോഗ്

കോണ്‍ഗ്രസുകാരല്ലാത്തവര്‍ പോലും മുരളീധരന്റെ പോസ്റ്റിന് കയ്യടിച്ചത് ഈ വരികള്‍ കണ്ടാണ്. ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹം. ഇരുപത്തിയാറായിരം പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഷെയര്‍ ചെയ്തു.

സംശയങ്ങള്‍ ഉണ്ടായിരുന്നു

സംശയങ്ങള്‍ ഉണ്ടായിരുന്നു

ഇതിന് മുമ്പും കെ മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് കോപ്പിയടിച്ചിരുന്നു. അത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. അതുകൊണ്ട് പുതിയ പോസ്റ്റ് കെ മുരളീധരന്‍ എഴുതിയതാണോ അതോ അടിച്ചുമാറ്റിയതാണോ എന്ന് സംശയങ്ങളും ഉയര്‍ന്നു. ഇത്രയൊന്നും എഴുതാനുള്ള തീപ്പൊരി കെ മുരളീധരനില്ല എന്ന് പറഞ്ഞവരും പോസ്റ്റില്‍ കാണുന്ന മുരളിക്ക് ചേര്‍ന്നതല്ല എന്നും മറ്റും പറഞ്ഞവരുണ്ട്.

ഇങ്ങനെയും നടന്നോ

ഇങ്ങനെയും നടന്നോ

മൂന്നാല് കൊല്ലം മുന്‍പ് കമലിന്റെ സെല്ലുലോയിഡ് എന്ന സിനിമ ഇറങ്ങിയപ്പൊ അതില്‍ കെ കരുണാകരനെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു കമലിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ പ്രതിഷേധിച്ച ആളല്ലേ ഈ മുരളീധരന്‍? ആയിരം കമല്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിഛായ തകര്‍ക്കാനാവില്ല എന്നൊക്കെ മുരളി പറഞ്ഞതും ഇപ്പോളും നല്ല ഓര്‍മയുണ്ട്. - മുരളിയുടെ പോസ്റ്റിന് താഴെ വീണ കമന്റുകളിലൊന്ന്.

സംശയിച്ചത് തന്നെ നടന്നു

സംശയിച്ചത് തന്നെ നടന്നു

സൂപ്പര്‍ഹിറ്റായ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ ആളുകള്‍ സംശയിച്ചതാണ്. മുരളീധരന്‍ ഇങ്ങനെ ഒരു പോസ്റ്റൊക്കെ എഴുതിയോ എന്ന്. വൈകാതെ സത്യം വെളിവാകുകയും ചെയ്തു. നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് ഒരു കടപ്പാട് പോലും വെക്കാതെ ഫേസ്ബുക്കില്‍ അങ്ങനെ തന്നെ പകര്‍ത്തുകയായിരുന്നു മുരളീധരന്‍. ഇതില്‍പ്പരം ഇനി നാണക്കേട് വേറെയുണ്ടോ. മുരളി വീണ്ടും പഴയ കിങ്ങിണിക്കുട്ടനായി എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.

പോസ്റ്റ് എഴുതിയ നസറുദ്ദീന്‍

പോസ്റ്റ് എഴുതിയ നസറുദ്ദീന്‍

പ്രവാസിയായ നസറുദ്ദീന്‍ മണ്ണാര്‍ക്കാടാണ് കെ മുരളീധരന്റെ വാളില്‍ കാണപ്പെടുന്ന പോസ്റ്റ് രണ്ടും സത്യത്തില്‍ എഴുതിയത്. ഇതിലൊന്ന് മാധ്യമം പത്രത്തിലെ സമൂഹമാധ്യമം എന്ന കോളത്തില്‍ അച്ചടിച്ച് വരികയും ചെയ്തതാണ്. കെ മുരളീധരന്റെ പേജില്‍ ആളുകള്‍ കൂട്ടം കൂട്ടമായെത്തി മാധ്യമത്തിന്റെ സ്‌ക്രീന്‍ഷോട്ടും നസറുദ്ദീന്റെ പോസ്റ്റിന്റെ ലിങ്കും പതിപ്പിക്കുകയാണ് ഇപ്പോള്‍.

കടപ്പാട് വെച്ചില്ലെങ്കിലും, തൊലിക്കട്ടി സമ്മതിക്കണം

കടപ്പാട് വെച്ചില്ലെങ്കിലും, തൊലിക്കട്ടി സമ്മതിക്കണം

ചത്ത കോണ്‍ഗ്രസില്‍ നേതാവായി ഇരിക്കുന്ന നിങ്ങള്‍ക്ക് ഈ വിഷയം പോസ്റ്റ് ചെയ്യാന്‍ തോന്നിയതില്‍ ഒരു ലൈക്ക് അടിച്ചിട്ടുണ്ട്. ഒരു കടപ്പാടെങ്കിലും വെക്കാമായിരുന്നു... നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ പോസ്റ്റ് അടിച്ചെടുത്ത് സ്വന്തം വാളില്‍ ഇട്ട മുരളീധരന്റെ തൊലിക്കട്ടി സമ്മതിക്കണം. കോപ്പി അടിക്കുമ്പോള്‍ കടപ്പാട് എങ്കിലും വെക്കാമായിരുന്നു സര്‍. നെക്സ്റ്റ് ടൈം കടപ്പാട് വെക്കാന്‍ മറക്കല്ലേ. ഇത് അത്ര ശരിയായില്ല. ഒരു കടപ്പാട് എങ്കിലും വയ്ക്കാമായിരുന്നു. കോപ്പിയടിച്ച പോസ്റ്റില്‍ കടപ്പാട് വെക്കുന്നതാണ് മാന്യത - ഇങ്ങനെ പോകുന്നു ആളുകളുടെ കളിയാക്കലുകള്‍.

നസറുദ്ദീന്‍ പ്രതികരിക്കുന്നു

നസറുദ്ദീന്‍ പ്രതികരിക്കുന്നു

പോസ്റ്റിന് ഉടമയായ നസറുദ്ദീന്‍ മണ്ണാര്‍ക്കാട് സ്വന്തം വാളില്‍ ഈ വിഷയത്തോട് പ്രതികരിച്ചിട്ടുണ്ട്. എന്റെ ഒരു പോസ്റ്റ് കെ. മുരളീധരന്‍ തന്റെ വാളില്‍ ഇട്ടിട്ടുണ്ട്. സംഗതി ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രസ്താവനയായി ശ്രദ്ധിക്കപ്പെട്ടാലും കുഴപ്പമില്ല. അങ്ങനെയെങ്കിലും പൗരന്മാരുടെ ശബ്ദങ്ങള്‍ എത്തേണ്ട തലങ്ങളില്‍ എത്തട്ടെ. കടപ്പാട് വെക്കാത്തത് ഒരു വിഷയമാക്കണ്ട എന്ന് ചുരുക്കം - ഇതാണ് ഈ വിവാദത്തില്‍ നസറുദ്ദീന് പറയാനുള്ളത്.

കൊല്ലനും അമ്പും വേടനും

കൊല്ലനും അമ്പും വേടനും

ഉത്തരേന്ത്യയില്‍ മാത്രം കേട്ട് കൊണ്ടിരുന്ന പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കല്‍ കേരളത്തിന്റെ മതേതര മണ്ണില്‍ നിന്ന് കൂടി ഉയര്‍ന്നപ്പോള്‍ തക്ക സമയത്ത് തന്നെ ഈ വിഷയത്തില്‍ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. പകരം അതിനെ നിരുത്സാഹപ്പെടുത്തിയാല്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കൂടി ഇല്ലാതാവും. ആരെഴുതി എന്നല്ല, ആരൊക്കെ അത് ഏറ്റു പറഞ്ഞു എന്നതാണ് പ്രസക്തം. കൊല്ലന്‍ നിര്‍മ്മിച്ച അമ്പ് വേടന്‍ പ്രയോഗിച്ചു എന്ന് കൂട്ടിയാല്‍ മതി. - നസറുദീന്‍ ഇങ്ങനെയും പ്രതികരിച്ചിട്ടുണ്ട്.

English summary
K Muraleedharan's Facebook post against AN Radhakrishnan becomes controvesry
Please Wait while comments are loading...