മന്ത്രിയുടേത് അഭിനയം; പിണറായിയും ഷംസീറും എഴുതിയ നാടകമെന്ന് കെ. മുരളീധരൻ!
മന്ത്രി വീണാ ജോർജിന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത പരിഹാസവും ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. നടന്നത് മുഖ്യമന്ത്രി പിണറായി വിജയനും എ.എൻ ഷംസീറും ചേർന്ന് എഴുതിയ കൃത്യമായ ഒരു തിരക്കഥയാണെന്ന് മുരളീധരൻ ആരോപിച്ചു. മന്ത്രിയുടെ പരിക്ക് വെറും അഭിനയമാണെന്നും മികച്ച അഭിനയത്തിനുള്ള അവാർഡ് മന്ത്രിക്ക് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.
ഷംസീറിന്റെ ഫോൺ വിളിയും 'പെട്ടെന്നുണ്ടായ' കഴുത്തുവേദനയും
റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചിരിച്ചുകൊണ്ട് നടന്ന മന്ത്രി, എ.എൻ. ഷംസീർ വിളിച്ചതിന് ശേഷമാണ് പെട്ടെന്ന് കഴുത്തുവേദന അഭിനയിച്ചതെന്ന് മുരളീധരൻ ആരോപിക്കുന്നു. "ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന് ചിരിച്ചുനീങ്ങിയ മന്ത്രി മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴേക്കും എങ്ങനെയാണ് പരിക്കേറ്റ ആളായി മാറിയത്?" എന്ന് അദ്ദേഹം പരിഹസിച്ചു. ഷംസീർ മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് പിന്നാലെയാണ് നാടകീയമായി മന്ത്രിയുടെ ആരോഗ്യനില വഷളായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീർ ഇപ്പോൾ ഒരു ഡി.വൈ.എഫ്.ഐ നേതാവിന്റെ നിലവാരത്തിലേക്ക് താഴരുതെന്നും സ്പീക്കർ പദവിക്ക് യോജിക്കാത്ത രീതിയിലാണ് അദ്ദേഹം പെരുമാറുന്നതെന്നും മുരളീധരൻ വിമർശിച്ചു.

എയിംസ് ഡോക്ടർമാർ പരിശോധിക്കണം
മന്ത്രിയുടെ പരിക്കിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ എയിംസിലെ (AIIMS) വിദഗ്ധ ഡോക്ടർമാരെ എത്തിച്ച് പരിശോധന നടത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിലെ ഡോക്ടർമാരുടെ പരിശോധനയിൽ വിശ്വാസമില്ല എന്നല്ല, മറിച്ച് ആരോപണങ്ങൾ ഉള്ള സാഹചര്യത്തിൽ പുറത്തുനിന്നുള്ള വിദഗ്ധർ വരുന്നത് ആർക്കും പേരുദോഷമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്ന പരിയാരം മെഡിക്കൽ കോളേജ് സി.പി.എം പാർട്ടി ഓഫീസ് പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ മന്ത്രിയെ പ്രവേശിപ്പിച്ചത് തന്നെ ഈ നാടകത്തിന്റെ ഭാഗമാണെന്നും മുരളീധരൻ പറഞ്ഞു
പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് മുരളീധരൻ അവകാശപ്പെട്ടു. മന്ത്രിയാണ് പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത്. മന്ത്രിയെ ശാന്തമാക്കാൻ പോലീസ് പാടുപെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്തകൾ വായിക്കുന്നതിൽ മിടുക്കിയായ മന്ത്രി അഭിനയത്തിലും മികവ് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഈ മറുപടി.












Click it and Unblock the Notifications