കെ റെയില്‍ യുവാക്കളുടെ സ്വപ്ന പദ്ധതി; അത് തകർക്കരുത്, നാട് മുന്നേറണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം: കേരളത്തിന്റെ യാത്രാ പരിമിതിക്കുള്ള ശ്വാശത പരിഹാരമാണ് കെ റെയില്‍ പദ്ധതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കെ. റെയിൽ പദ്ധതിയെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പൂർണ്ണമായ പരിഷ്കരണത്തിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കാണാൻ നമുക്ക് കഴിയണം.
കെ റെയില്‍, കെ-ഫോണ്‍, കെ.ഡിസ്ക് ഈ പദ്ധതികള്‍ എല്ലാം കൃത്യമായ ദീര്‍ഘവീക്ഷണത്തോടെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്. ആ പദ്ധതികൾ കാലതാമസം ഇല്ലാതെ പൂർത്തിയാകുമ്പോൾ നിലവിലെ കേരളത്തിന്റെ സാമ്പത്തിക -തൊഴിൽ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
Recommended Video


കേരള സര്‍ക്കാര്‍ ഏറ്റെടുത്തു മുന്നോട്ട് പോകുന്ന കേരളത്തിന്‍റെ സ്വപ്ന പദ്ധതി സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ പാതയുമായി ബന്ധപെട്ടു അതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ചര്‍ച്ചകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിത്യേന കാണുന്നുണ്ട്. പലപ്പോഴും ഈ ചര്‍ച്ചകള്‍ എല്ലാം കേരളത്തിന്‍റെ സമഗ്ര വികസനത്തിന്‍റെ പശ്ചാത്തലത്തില്‍ കാണാതെ ചില കാര്യങ്ങൾ അടര്‍ത്തിയെടുത്താണ് നടത്തുന്നത്. ഇ പരിമിതിയില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ ഏത് പശ്ചാതലത്തിലാണ് കേരളം ഇത്തരമൊരു വൻകിട പദ്ധതിയിലേക്ക് പോകുന്നത് എന്ന്‍ മനസ്സിലാക്കേണ്ടതുണ്ട്.
ആളോഹരി വരുമാനം കുറഞ്ഞു നില്‍ക്കുമ്പോഴും വികസിത രാജ്യങ്ങളുമായി താരതമ്യംചെയ്യാന്‍ പാകത്തിലുള്ള വികസന സൂചികയുള്ള സമൂഹമാണ് കേരളത്തിലെത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും , ആരോഗ്യ പരിരക്ഷയും, സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന കേരള സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയുടെ അടിസ്ഥാനം സമ്പത്തിന്‍റെ വിതരണവും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനവുമാണ്.
മഹാപ്രളയ കാലത്തും ഇപ്പോള്‍ ഈ കോവിഡ് മഹാമാരിയുടെ കാലത്തും നാമത് അനുഭവിച്ചു അറിഞ്ഞതാണ്. എന്നാല്‍ ഈ മാതൃകയിലുള്ള നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഏറെക്കാലമായി മന്ദഗതിയിലും കുറഞ്ഞ ഉല്പ്പാദാനവും നടത്തുന്ന സ്ഥിതിയിലുമാണ്. ഒരു ഭാഗത്ത് എല്ലാവര്‍ക്കും യാതൊരു വിവേചനവുമില്ലാതെ മെച്ചപെട്ട സൌജന്യ വിദ്യാഭ്യാസം നല്‍ക്കാന്‍ ശ്രദ്ധിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഈ അഭ്യസ്തവിദ്യര്‍ക്കെല്ലാം ആവശ്യമായ തോഴില്‍ നല്‍ക്കാന്‍ കഴിയുന്നില്ല. 2018-19 ലെ Periodic Labour Force Survey പ്രകാരം 15-59 നും ഇടയില്‍ പ്രായമുള്ളവരില്‍ കേരളത്തിലെ തൊഴിലില്ലായ്മ 10.4 % മാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതേ പ്രായത്തിനിടയില്‍ കേരളത്തിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ പരിശോധിച്ചാല്‍ 5.8 % വും സ്ത്രീകളുടെത് 19.1 % വുമാണ്. അതായത് ഉന്നത വിദ്യാഭ്യാസം നേടിയ നല്ലൊരു ശതമാനം സ്ത്രീകളും കേരളത്തില്‍ തൊഴില്‍ രഹിതരാണെന്ന് ഈ കണക്കില്‍ നിന്നും ബോധ്യപ്പെടും. ഇത് പാഴായിപ്പോകുന്ന കേരളത്തിന്‍റെ മാനവ വിഭവ ശേഷിയാണ്.
എന്നാല്‍ ഇത്രയുംപേരുടെ തൊഴില്‍ പ്രശ്നം പരിഹരിക്കാനുള്ള ശേഷി നിലവില്‍ നമ്മുടെ സമ്പദ് ഘടനയ്ക്കില്ല. ഭൂമിശാസ്ത്ര പരവും വിഭവ പരവുമായ പരിമിതികള്‍കൊണ്ട് വന്‍കിട നിര്‍മ്മാണ വ്യവസായ സ്ഥപാനങ്ങള്‍ കേരളത്തിനു അനുയോജ്യമല്ല. എന്നാല്‍ മേല്‍പ്പറഞ്ഞ മാനവ വിഭവ ശേഷിയെ ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ നമ്മുടെ സമ്പദ് ഘടനയെ പുനര്‍ വിന്യസിച്ചുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും. കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടിയും ബയോടെക്നോളജിയും പോലുള്ള പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതോടൊപ്പം കമ്പ്യൂട്ടര്‍ നിർമ്മാണം , മരുന്ന് ഉല്‍പ്പാദനം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങള്‍ക്കും കേരളത്തില്‍ സാധ്യതയുണ്ട്. ഈ വിധത്തില്‍ നിലവില്‍ കേരള സമ്പദ് ഘടന നേരിടുന്ന പ്രതിസന്ധികള്‍ക്കും കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാനും കേരളം ജ്ഞാന സമ്പദ് ഘടനയിലേക്ക് ചുവട് മാറേണ്ടത് അടിയന്തര ആവശ്യമാണ്.
നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടെങ്കിലും ജ്ഞാന സമ്പദ് വ്യവസ്ഥയിർക്ക് കടക്കുന്നതിനായി കേരളം ഇനിയും കടമ്പകൾ ഏറെ കടക്കാനുണ്ട്, അതിനുള്ള ഉത്തരങ്ങളില്‍ ഒന്നായി വേണം. കെ റെയില്‍ പദ്ധതിയെ കാണാന്‍. ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് മാറിയ രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നും 1. ഉയര്‍ന്ന വിദ്യഭ്യാസം , 2. Innovation ന് അനുകൂലമായ സാഹചര്യം , 3. വാര്‍ത്താവിനിമയ സാങ്കേതിക വിദ്യ , 4. സാമൂഹ്യവും സാമ്പത്തികവുമായ പശ്ചാത്തല സൗകര്യം എന്നിവയാണ് ജ്ഞാന സമ്പദ് വ്യവസ്ഥയുടെ നാല് സുപ്രധാന തൂണുകള്‍ എന്ന്‍ മനസിലാക്കാം.
ഈ നാല് തൂണുകളെയും ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിന്‍റെ പ്രധാന ഭാവി ചുമതല. പ്രാഥമിക വിദ്യാഭ്യാസം മികച്ചതാണെങ്കിലും കേരളത്തിലെ ഉന്നവിദ്യാഭ്യാസമേഖല ലോകോത്തര നിലവാരത്തിലുള്ള പഠനവും ഗവേഷണവും നടത്തുന്ന കേന്ദ്രങ്ങളാകാൻ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നിലവിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാൻ പാകത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാര്യമായൊന്നും നമുക്കില്ല എന്ന പോരായ്മ പരിഹരിക്കാൻ നമുക്ക് കഴിയണം.
മേല്‍പ്പറഞ്ഞ നാല് ഘടകങ്ങളും വിപുലീകരിക്കാന്‍ കേരള സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്ന് ബോധ്യപ്പെടും. ഈ അടുത്ത് ആരംഭിച്ച മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്റ്ററൽ ഫെല്ലോഷിപ്പ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരള കേന്ദ്രീകൃതമായ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഇത്തരം പദ്ധതികൾ കൂടുതല്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിടവ് നികത്താൻ തീർച്ചയായും. ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കടക്കുന്നതിനു അനിവാര്യമായ മറ്റൊന്നാണ് ഡിജിറ്റൽ പശ്ചാത്തല സൗകര്യം. ഇന്റർനെറ്റ് ലഭ്യത പൗരന്റെ അവകാശങ്ങളിൽ ഒന്നായി പ്രഖ്യാപിച്ച സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളത്. ദരിദ്ര ജനവിഭാഗങ്ങൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് K-FONE. ഇതിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ നടന്നു വരികയാണ്.
ഈ പദ്ധതി പൂർത്തീകരിച്ചു പ്രവർത്തന സജ്ജമാകുമ്പോൾ കേരളത്തിന്റെ ഡിജിറ്റൽ ലോകം ഏറെക്കുറെ ജനാധിപത്യവൽക്കരിക്കപ്പെടും. കേരളത്തെ ജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് Kerala Development Innovation Strategy Council (K-DISC) ന്‍റെ നേതൃത്വത്തില്‍ ഇന്നൊവേഷന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി പല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനപ്പെട്ടതാണ് അടിസ്ഥാന സൗകര്യ വികസനം. കാസർകോട് മുതൽ തിരുവനന്തപുരം വരെ കരമാർഗ്ഗം യാത്ര ചെയ്യാൻ നിലവിൽ കുറഞ്ഞത് 12 മണിക്കൂർ എങ്കിലും വേണം. കേരളത്തെ ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് ആധുനിക വൽക്കരിക്കുമ്പോൾ ഈ പരിമിതിയെ നാം മറികടന്നേ മതിയാകൂ.
പ്രത്യേകിച്ച് ടൂറിസം പോലുള്ള സേവന മേഖല പ്രധാന വ്യവസായമായി വികസിപ്പിക്കണം എന്ന് നാം ആലോചിക്കുന്ന സാഹചര്യത്തിൽ. ഈ പരിമിതിക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് കെ. റെയിൽ പദ്ധതി. അതുകൊണ്ട് തന്നെ കെ. റെയിൽ പദ്ധതിയെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പൂർണ്ണമായ പരിഷ്കരണത്തിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കാണാൻ നമുക്ക് കഴിയണം.
കെ റെയില്‍, കെ-ഫോണ്‍, കെ.ഡിസ്ക് ഈ പദ്ധതികള്‍ എല്ലാം കൃത്യമായ ദീര്‍ഘവീക്ഷണത്തോടെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്. ആ പദ്ധതികൾ കാലതാമസം ഇല്ലാതെ പൂർത്തിയാകുമ്പോൾ നിലവിലെ കേരളത്തിന്റെ സാമ്പത്തിക -തൊഴിൽ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കെ.റെയില്‍ പോലുള്ള പദ്ധതികള്‍ക്ക് പിന്തുണ ഉറപ്പുവരുത്തേണ്ടത് ഈ മാറ്റത്തിന്റെ നാളത്തെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്ന നിലയിൽ നമ്മുടെയെല്ലാം ചുമതലയാണ്, പ്രത്യേകിച്ചും യുവജനങ്ങളുടെ.












Click it and Unblock the Notifications