ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...
തന്റെ രാഷ്ട്രീയ ധാർമികത മൂലമാണ് ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ച കാര്യം തുറന്നു പറഞ്ഞത്.
കണ്ണൂർ: താൻ ബിജെപിയിൽ ചേരുമെന്ന പ്രചരണങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മറുപടി. രാഷ്ട്രീയത്തിൽ എന്തു സംഭവിച്ചാലും ബിജെപിയിൽ ചേരില്ലെന്നും, ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ച കാര്യം തുറന്നുപറഞ്ഞത് തന്റെ രാഷ്ട്രീയ ധാർമികത കൊണ്ടാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
തന്റെ പ്രസംഗം മുറിച്ചുമാറ്റി തെറ്റായ വിധത്തിലാണ് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ തെറ്റായ വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഈ വാർത്തയുടെ പേരിൽ ഇടതുപക്ഷം നടത്തിയ പ്രചാരണം ആരുടെയെങ്കിലും മനസിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചെങ്കിൽ അത് മാറ്റണമെന്നും കെ സുധാകരൻ പറഞ്ഞു.

തന്റെ രാഷ്ട്രീയ ധാർമികത മൂലമാണ് ബിജെപിയിൽ നിന്ന് ക്ഷണം ലഭിച്ച കാര്യം തുറന്നു പറഞ്ഞത്. മറ്റു പാർട്ടിക്കാരെ കൂടെക്കൂട്ടാൻ ബിജെപി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അവർ അത് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ബിജെപിയുടെ ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് മാനസിക വിഭ്രാന്തിയാണെന്നും കെ സുധാകരൻ ആരോപിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക എന്നത് ജയരാജനെ പോലെയുള്ളവർക്കേ സാധിക്കൂ. സ്വപ്നലോകം നഷ്ടപ്പെട്ടതിന്റെ മാനസിക വിഭ്രാന്തിയാണ് അദ്ദേഹത്തിന്. കൊലപാതക രാഷ്ട്രീയം കാരണം ഒറ്റപ്പെട്ട സിപിഎമ്മും, പി ജയരാജനും അതിൽ നിന്ന് തിരിച്ചുവരാനായാണ് ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണെന്നും, സിപിഎം ഫാസിസ്റ്റ് പാർട്ടിയാണെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാൻ പിണറായി മാത്രം ശ്രമിച്ചാൽ മതിയെന്ന് സാഹിത്യകാരൻ എം മുകുന്ദൻ വരെ പറഞ്ഞിട്ടുണ്ട്. പിണറായി ഏകാധിപതിയാണെന്നാണ് സിപിഐയുടെയും അഭിപ്രായം. ഗുജറാത്തിലേത് പോലെ മുസ്ലീം സമുദായത്തിനെതിരെ അക്രമം നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്നും കണ്ണൂരിലെ മുസ്ലീംങ്ങൾക്കെതിരെയാണ് സിപിഎം കൊലപാതകങ്ങളും വീടു കൊള്ളകളും നടത്തിയതെന്നും കെ സുധാകരൻ ആരോപിച്ചു.












Click it and Unblock the Notifications