മുല്ലപ്പള്ളിക്ക് പകരം കെ സുധാകരന്‍ എത്തിയേക്കില്ല; പകരം മറ്റൊരു നേതാവ്, തോല്‍വിയിലും ഗ്രൂപ്പ് കളി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി തന്നെ രൂക്ഷമാവുന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഒഴിഞ്ഞ് നിന്നിരുന്ന നേതൃമാറ്റമെന്ന ആവശ്യം ഇതോടെ കോണ്‍ഗ്രസില്‍ വീണ്ടും തലപ്പൊക്കി തുടങ്ങി. പാര്‍ട്ടി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമാണ് കനത്ത തോല്‍വിക്ക് പിന്നാലെ ശക്തമായത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ പദവി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അധ്യക്ഷ സ്ഥാനം ഒഴിയും
അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം. മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിയുന്നതാണ് ഉചിതമെന്ന് ദേശീയ നേതൃത്വവും മുല്ലപ്പള്ളിയെ അറിയിച്ചതായാണ് സൂചന.

രാഷ്ട്രീയകാര്യ സമിതി
രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ത്ത ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നതിനാല്‍ എത്രയും പെട്ടെന്ന് തന്നെ അതുണ്ടാവാനാണ് സാധ്യത. കേരളത്തിലേക്കാള്‍ ഭരണത്തിലെത്താന്‍ സാധ്യത കുറവായിരുന്ന അസമിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടുണ്ട്.

ഗ്രൂപ്പ് മാനേജര്‍മാര്‍
തോല്‍വിയേയും ഗ്രൂപ്പ് മാനേജര്‍മാര്‍ അവസരമായി കാണുന്നവെന്നാണ് പ്രത്യേകത. രണ്ട് ഗ്രൂപ്പിന്‍റെയും ഭഗമല്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പദവിയില്‍ നിന്നും നീക്കി സ്വന്തം ഗ്രൂപ്പുകാരനെ അധ്യക്ഷനാക്കാന്‍ ഗ്രൂപ്പുകാര്‍ നീക്കം തുടങ്ങിയതാണ് കാണാന്‍ കഴിയുന്നത്. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയണമെന്നാണ് ഗ്രൂപ്പിനതീതമായി ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

സുധാകരന്‍ വരുമോ
മുല്ലപ്പള്ളിയുടെ മാറ്റത്തിനായി സാമൂഹ്യ മാധ്യമങ്ങളിലടക്കം മുറവിളി ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പള്ളിക്ക് പകരം കണ്ണൂര്‍ എംപി കെ സുധാകരനെ അധ്യക്ഷനാക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗത്തിനുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരമൊരു ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

നേരത്തേയും നീക്കം
മുല്ലപ്പള്ളിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പാര്‍ട്ടി നേതൃപദവി കെ സുധാകരന് നല്‍കാനായിരുന്നു തീരുമാനം. ഉറച്ച സീറ്റുകളില്‍ ഒന്ന് മുല്ലപ്പള്ളി നല്‍കാനും ആലോചനകളുണ്ടായി. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇല്ലെന്നും പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ നേതൃമാറ്റമെന്ന സ്വപ്നം പൊലിഞ്ഞു.

പരസ്യ പിന്തുണ
കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരസ്യമായി തന്നെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കച്ച നേതാവാണ് സുധാകരന്‍. വേണ്ട രീതിയില്‍ ഉപയോഗിക്കണം. കോണ്‍ഗ്രസ് ക്ഷീണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരു ശബ്ദവും നാവുമുണ്ടാകണം. സുധാകരന് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സാധിക്കൂവെന്നുമാണ് തിരുവഞ്ചൂര്‍ പറഞ്ഞത്.

ഗ്രൂപ്പ് സമവാക്യങ്ങള്‍
പ്രമുഖ എ ഗ്രൂപ്പുകാരനായ തിരുവഞ്ചൂര്‍ തന്നെ കെ സുധാകരന് വേണ്ടി രംഗത്ത് എത്തിയത് ശ്രദ്ധേയമാണ്. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തിന്‍റെ ഭാഗമാണ് ഇത്തരമൊരു നീക്കം എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. നിയമസഭയില്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന ആവശ്യം ശക്തമാണ്.

സാധ്യതകള്‍
വിഡി സതീശന്‍ പ്രതിപക്ഷ നേതാവും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനും ആയാല്‍ രണ്ട് പേരും ഐ ഗ്രൂപ്പില്‍ നിന്നും ഉള്ളവരാകും. സ്വാഭാവികമായി ഇത് നടക്കാന്‍ സാധ്യത കുറവാണ്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള കെ സുധാകരന്‍റെ സാധ്യത കുറയും.

കെ മുരളീധരന്‍
കെ സുധാകരന്‍ അല്ലെങ്കില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തില്‍ പകരം ഉയര്‍ന്ന് വരുന്ന പേര് കെ മുരളീധരന്‍റെതാണ്. പഴയ ഐ ഗ്രൂപ്പുകാരനാണെങ്കിലും ആ സമവാക്യത്തില്‍ കഴിഞ്ഞ കുറെ കാലം കൊണ്ട് പ്രകടമായ മാറ്റം വന്നിട്ടുണ്ട്. എ ഗ്രൂപ്പിന് ഏറ്റവും പ്രിയങ്കരനായ നേതാവാണ് കെ മുരളീധരന്‍ ഇപ്പോള്‍.

മികച്ച സ്ഥാനം നല്‍കണം
നേമത്ത് ബിജെപി നേരിടാന്‍ സധൈര്യം മുന്നോട്ട് വന്ന കെ മുരളീധരന് മികച്ച സ്ഥാനം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. വിഡി സതീശന്‍ സഭയിലെ കക്ഷി നേതാവായാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള മുരളീധരന്‍റെ സാധ്യത വര്‍ധിക്കും. മറിച്ച് കെ സുധാകരന്‍ അധ്യക്ഷനായാല്‍ പ്രതിപക്ഷ നേതാവാകാനുള്ള വിഡി സതീശന്‍റെ സാധ്യതയും കുറയും.












Click it and Unblock the Notifications