‘ദുഷ് ചിന്ത നിന്റെ കുറ്റമല്ല ,കടന്നു വന്ന നാടിന്റെ പ്രശ്‌നം’; തെക്കൻ കേരളത്തിനെതിരെ സുധാകരന്റെ വിവാദ പരാമർശം
തിരുവനന്തപുരം: കെ പി സി അധ്യക്ഷൻ കെ സുധാകരന്റെ പരാമർശം വിവാദത്തിൽ. തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തരത്തിലുള്ള സുധാകരന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലേയും നേതാക്കൾ തമ്മിൽ വ്യത്യാസമുണ്ടോയെന്ന ചോദ്യത്തിന് രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടായിരുന്നു സുധാകരന്റെ മറുപടി.

സുധാകരൻ പറഞ്ഞത്- അതെ ചരിത്രപരമായ ചില വ്യത്യാസങ്ങൾ ഉണ്ട്. ഞാൻ ഒരു കഥ പറയാം. രാവണനെ കൊലപ്പെടുത്തിയതിന് ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തില്‍ ലങ്കയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു രാമന്‍. വിമാനം കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോയപ്പോൾ ലക്ഷ്മണൻ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോയെന്ന് ചിന്തിച്ചിരുന്നു. എന്നാൽ തൃശ്ശൂരിൽ എത്തിയപ്പോൾ അദ്ദേഹത്തിന് മനംമാറ്റം സംഭവിച്ചു.

തെറ്റായ ചിന്തയിൽ ലക്ഷ്മണന് കുറ്റബോധം തോന്നി. എന്നാൽ രാമൻ അദ്ദേഹത്തെ തോളിൽ തട്ടി പറഞ്ഞു എനിക്ക് നിന്റെ മനസ് വായിക്കാം. അത് നിന്റെ തെറ്റല്ല, നമ്മൾ കടന്ന് വന്ന പ്രദേശത്തിന്റെ തെറ്റാണ് രാമൻ പറഞ്ഞു', കെ ചിരിയോടെ സുധാകരൻ വിവരിച്ചു. സി പി എമ്മിന്റേയും കോൺഗ്രസിന്റേയും ബി ജെ പിയുടെയുമെല്ലാം തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കൾ ഉണ്ടല്ലോയെന്നും എന്തുകൊണ്ടാണെന്നുമുള്ള ചോദ്യത്തിന് സത്യസന്ധത, ധൈര്യം എന്നായിരുന്നു സുധാകരൻ നൽകിയ മറുപടി.

തനിക്ക് രണ്ട് മുഖങ്ങളില്ലെന്നും മനസിൽ തോന്നുന്നത് അപ്പോൾ പറയുന്ന ആളാണെന്നും അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു. മോശമായി പ്രതികരിക്കേണ്ടി വന്നാൽ അതിനും താൻ യാതൊരു മടിയും കാണിക്കാറില്ല.താൻ സൗമ്യനായിട്ടില്ല. കോൺഗ്രസ് പോലൊരു പാർട്ടിയിൽ സൗമ്യത പുലർത്തുന്നതാണ് നല്ലതെന്ന് താൻ അനുഭവത്തിലൂടെ മനസിലാക്കി.
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കും അത് നടപ്പാക്കുകയും ചെയ്യും. എന്റെ വീര്യം നഷ്ടപ്പെട്ടെന്ന് ദയവ് ചെയ്ത് കരുതരുതെന്നും സുധാകരൻ പറഞ്ഞു. അതേസമയം സുധാകരന്റെ പരാമർശത്തിനെതിരെ വലിയ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

അഭിമുഖത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെതിരേയും സുധാകരൻ ചില വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തരൂര് നല്ല മനുഷ്യനാണെങ്കിലും സംഘടനാ പ്രവർത്തന കാര്യത്തിൽ തരൂരിന് പരിചയ സമ്പത്തില്ലെന്നായിരുന്നു സുധാകരൻ പറഞ്ഞത്. തരൂർ കോൺഗ്രസിൽ ഒരു ട്രെയിനി ആണെന്നും സുധാകരൻ പറഞ്ഞു. ഒരു ട്രെയ്‌നി ഫാക്ടറി ഓപറേഷൻസിന്റെ മുഴുവൻ ചുമതലയും ഏറ്റെടുക്കുന്നത് പോലെയാണെന്ന് തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്നും സുധാകരൻ പരിഹസിച്ചു.

അണികളിൽ നിന്നും ഉയർന്ന് വന്ന നേതാവാണ് ഖാർഗെ. അക്കാദിമമായ അറിവ് കൊണ്ട് മാത്രം ഒരാൾക്ക് പാർട്ടിയെ നയിക്കാനോ പാർട്ടി പ്രവർത്തകരുടെ മനഃശാസ്ത്രം മനസിലാക്കാനോ സാധിക്കില്ല. ഇക്കാര്യം താൻ തരൂരിനോട് പറഞ്ഞിരുന്നു. മറ്റെന്തെങ്കിലും പാർട്ടി പദവി ഏറ്റെടുക്കാൻ തയ്യാറാകണമെന്നായിരുന്നു താൻ ഉപദേശിച്ചത്. എന്നാൽ അദ്ദേഹം പിൻമാറാവൻ തയ്യാറായില്ല', സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications