തിരുവല്ലം കസ്റ്റഡി മരണം: ആഭ്യന്തരവകുപ്പ് പിരിച്ചു വിടുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ''ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിന് മേൽ ഒരു നിയന്ത്രണവുമില്ല. തലസ്ഥാനത്ത് തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത സുരേഷ് എന്ന യുവാവ് മരണപ്പെട്ടതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം. ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ആവർത്തിക്കുകയാണ്''.
''രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ നടക്കുന്ന സംസ്ഥാനമായി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഗുണ്ടകളും പാർട്ടി ക്രിമിനലുകളും കൊലപാതക പരമ്പര തുടരുമ്പോഴാണ് പൊലീസും പ്രതിപട്ടികയിൽ വരുന്നത്. കേരളത്തിലെ പൊലീസ് സേന ക്രമിനലുകളുടെ സങ്കേതമാണ്. ഗുണ്ടകളിൽ നിന്നും ക്രിമിനൽസിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ട പൊലീസ് തന്നെ അവർക്ക് ഉപദ്രവമാവുകയാണ്. പൊതു ജനങ്ങളോടുള്ള കേരള പൊലീസിൻ്റെ സമീപനം വളരെ മോശമാണ്''. സിപിഎമ്മിന്റെ പോഷകസംഘടനയാക്കി പൊലീസ് മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും സർക്കാരിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വിഡി സതീശന്റെ പ്രതികരണം: '' തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. കസ്റ്റഡിയില്‍ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ലോക്കപ്പ് മര്‍ദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണം.
സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവും പൊലീസ് അതിക്രമങ്ങളും ജന ജീവിതത്തിന് വെല്ലുവിളിയായിട്ട് കാലങ്ങളായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നത്''.












Click it and Unblock the Notifications