ഹിന്ദി അടിച്ചേല്‍പ്പിക്കല്‍: കേന്ദ്രത്തിനെതിരെയുള്ള ബ്രിട്ടാസിന്റെ പ്രസംഗം പങ്കുവച്ച് കമല്‍ഹാസന്‍
തിരുവനന്തപുരം: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗം പങ്കുവച്ച് നടന്‍ കമലഹാസന്‍. അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ദക്ഷിണേന്ത്യയില്‍ അടക്കം വൈറലാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ജോണ്‍ ബ്രിട്ടാസ് എം. പി യുടെ പ്രസംഗം.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേള്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണ്. ഐ ഐ ടി ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നുണ്ട്.

നിരവധി പേരാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തിരിക്കുന്നത്. 'പാതി ഇന്ത്യയുടെ ശബ്ദം' എന്നാണ് കമല്‍ഹാസന്‍ പ്രസംഗം റിട്വീറ്റ് ചെയ്തുകൊണ്ട് വിശേഷിപ്പിച്ചത്. പൊങ്കല്‍ വരുന്നുണ്ട് എന്നും കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തെലങ്കാന ഭരിക്കുന്ന ടി ആര്‍ എസിന്റെ സോഷ്യല്‍ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ എന്‍ എസ് മാധവന്‍ അടക്കമുള്ള എഴുത്തുകാരും ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തിട്ടുണ്ട്.
ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം
ഹിന്ദിയെ ഏക ദേശീയ ഭാഷയായി ഉയര്‍ത്തുന്നതിനുള്ള പ്രത്യക്ഷവും ഗൂഢവുമായ ശ്രമങ്ങളുണ്ട്, ഒരുപക്ഷേ മുമ്പത്തേക്കാള്‍ ശക്തമായി. ബഹുമാനപെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാനിധ്യത്തില്‍ തന്നെ ഈ വിഷയം ഉന്നയിക്കാന്‍ സാധിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഐഐടി ഐഐഎം എന്‍ഐടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിക്കാന്‍ പോകുമ്പോള്‍ ഹിന്ദിയില്‍ തന്നെ പഠിക്കുകയും ഹിന്ദിയില്‍ തന്നെ പരീക്ഷ എഴുതുകയും ചെയ്യണം എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല.
ഹിന്ദിയുടെ വ്യാപനത്തില്‍ നശിക്കുന്ന സമ്പന്നമായ ഭാഷാപരമ്പര്യമുള്ള ഒരു സംസ്ഥാനത്തുനിന്നുള്ള ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ഔദ്യോഗിക ഭാഷാ സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേന്ദ്ര സര്‍വ്വകലാശാലകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും - ഐഐടികള്‍, ഐഐഎമ്മുകള്‍ മുതലായവ - 'ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍' ഹിന്ദി പഠന മാധ്യമമായി ഉപയോഗിക്കാന്‍ ഇത് ശുപാര്‍ശ ചെയ്യുന്നു.
ഔദ്യോഗിക ഭാഷ സമിതിയുടെ നിര്‍ദേശപ്രകാരം ഐ ഐ ടി ഖരഗ്പൂരിലെ പഠന മാധ്യമം ഹിന്ദി ഭാഷ ആയിരിക്കും. സുന്ദര്‍ പിച്ചൈയെ പോലെ ഒരാള്‍ ഹിന്ദി ഭാഷ പഠിച്ചു ഹിന്ദിയില്‍ പരീക്ഷ എഴുതണമായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? നമ്മള്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്ന ഗൂഗിളില്‍ എന്നെങ്കിലും അദ്ദേഹം ഉയര്‍ന്ന സ്ഥാനത്ത് എത്തുമായിരുന്നോ?
ഔദ്യോഗിക ഭാഷാ നിയമത്തിലെ സെക്ഷന്‍ 4(3) 'യൂണിയന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഹിന്ദി ഉപയോഗിക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും അതിനുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിനുമായി' കമ്മിറ്റിയെ വ്യവസ്ഥ ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രബോധന മാധ്യമത്തെക്കുറിച്ച് ആലോചിക്കുന്നത് നിയമത്തിന്റെ പരിധിക്കപ്പുറമാണ്.












Click it and Unblock the Notifications