കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതി ഇനിയും അകലെ; കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ സമരം ഇന്ന് (10-5-2018) ആയിരം ദിവസം പൂര്‍ത്തിയാവുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് വയനാട് കലക്‌ട്രേറ്റ് പടിക്കല്‍ ജെയിംസ് നടത്തുന്ന സമരം ഇന്ന് (മെയ് 10.2018) ആയിരം ദിവസത്തിലേക്ക്. ആയിരം ദിനങ്ങള്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്തു വരുന്ന ജെയിംസിനോട് സര്‍ക്കാര്‍ മനുഷ്യത്വപരമായി നാളിതുവരെയായി യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. നാമനിര്‍ദേശപത്രികാസമര്‍പ്പണവേളയിലും ജയിച്ചപ്പോഴും എം എല്‍ എമാരായ സി കെ ശശീന്ദ്രനും ഒ ആര്‍ കേളുവും സമരപ്പന്തലിലെത്തി നല്‍കിയ മോഹനവാഗ്ദാനം ജനങ്ങള്‍ മറന്നിട്ടില്ല.

മുഴുവന്‍ രേഖകളും ഇവര്‍ക്ക് അനുകൂലമായിരിക്കെ ഭൂമി വിട്ടു കൊടുക്കാന്‍ ആവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്നു 2009ല്‍ കോഴിക്കോട് പൊലീസ് വിജിലന്‍സ് സൂപ്രണ്ട് ശ്രീശുകനും 2016ല്‍ മാനന്തവാടി സബ്കളക്ടര്‍ ശിറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയതാണ്. ഭൂമിക്കേസില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അനുകൂലമായിരുന്നു ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ 1978 നവംബര്‍ ആറിലെ വിധിയും. എന്നിട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി വിട്ടുകിട്ടിയില്ല. കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം കൊണ്ടാണ് കാഞ്ഞിരത്തിനാല്‍ ജോസും സഹോദരന്‍ ജോര്‍ജ്ജും കോറോം നീലോം പ്രദേശത്ത് 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. കൃഷിചെയ്ത് കഠിനാധ്വാനത്തിലൂടെ ശോഭനമായ ഒരു ഭാവി പടുത്തുയര്‍ത്തുകയായിരുന്നു ജോര്‍ജ്ജിന്റെ ലക്ഷ്യം.

pic

ജോര്‍ജ്ജിന്റെ സഹോദരന്‍ ജോസ് 1967-ല്‍ കുട്ടനാടന്‍ ഗാര്‍ഡന്‍ എസ്റ്റേറ്റ് ലിമിറ്റഡില്‍ നിന്നാണ് മാനന്തവാടി കോറോം നീലോം പ്രദേശത്ത് ഭൂമി വാങ്ങിയത്. അന്ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട്ട് നിന്നും ചുരംകയറി വയനാട്ടിലെത്തിയവരെല്ലാം നിരന്തരാധ്വാനത്തിലൂടെ ഉയരങ്ങളിലേക്ക് കയറിപ്പോകുമ്പോള്‍ ജോര്‍ജ്ജിനും കുടുംബത്തിനും കണ്ണീരോടെ നോക്കിനില്‍ക്കേണ്ടി വന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ കഴിയുമ്പോഴും ജോര്‍ജ്ജ് നീതിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. സഹോദരന്‍ ജോസ് വനംവകുപ്പിന്റെ പീഡനം സഹിക്കാനാവാതെ ആറേക്കര്‍ ഭൂമി സര്‍വ്വാധികാര മുക്ത്യാറായി ജോര്‍ജ്ജിന് നല്‍കി. അങ്ങനെ ജോര്‍ജ്ജ് 12 ഏക്കറിനും ഉടമായി. എന്നാല്‍ ആ ഭൂമിയില്‍ എന്തെങ്കിലുമൊന്ന് നട്ടുണ്ടാക്കാന്‍ വനംവകുപ്പ് അനുവദിച്ചില്ല. നിയമപോരാട്ടത്തില്‍ കടം കയറി ജോര്‍ജ്ജിന്റെ ജീവിതം പൊറുതിമുട്ടി. ഏക്കര്‍ കണക്കിന് ഭൂമിയുണ്ടായിട്ടും വൃദ്ധസദനമായ മാനന്തവാടിയിലെ സമരിടണ്‍ ഭവനില്‍ വെച്ച് 2012 ഡിസംബര്‍ 13ന് ജോര്‍ജ്ജ് മരണത്തിന് കീഴടങ്ങി. 2009 നവംബര്‍ രണ്ടിന് നിയമപോരാട്ടത്തില്‍ എന്നും ജോര്‍ജ്ജിനൊപ്പമുണ്ടായിരുന്ന ഭാര്യ ഏലിക്കുട്ടി മരിച്ചിരുന്നു. നിരാശ്രയരായ ജോര്‍ജ്ജിന്റെ മകന്‍ തോമസ് കോഴിക്കോട്ടെ വാടക വീട്ടില്‍ കഴിയുന്നു. ഇളയ മകള്‍ ജോളി വയനാട്ടിലെ കോണ്‍വെന്റില്‍ താമസിക്കുന്നു. മുത്ത മകളായ ട്രീസയുടെ ഭര്‍ത്താവ് ജെയിംസ് ദുരിത്തോട് മല്ലടിക്കുമ്പോഴും ഭൂമിക്കായുള്ള നിയമപോരാട്ടം തുടരുകയാണ്. ആയിരം ദിവസം സമരം പിന്നിടുമ്പോഴും നടപടിയില്ലാത്തതില്‍ ജില്ലയിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്. യു ഡി എഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭൂമി വിട്ടുനല്‍കുന്നതിന് പകരം മറ്റുചില ഉപാധികള്‍ വെച്ചെങ്കിലും ജെയിംസും കുടുംബവും അംഗീകരിച്ചിരുന്നില്ല. മരിക്കും വരെ ഭൂമിക്കായി പോരാടുമെന്ന ഉറച്ച നിലപാടിലാണ് ആയിരം ദിവസം പിന്നിടുമ്പോഴും ജെയിംസ്. ജെയിംസിന്റെ സമരത്തിന് പൂര്‍ണ പിന്തുണയുമായി സമരസഹായസമിതി രൂപീകരിച്ച് ജില്ലയിലെ നാനാതുറകളില്‍പ്പെട്ട ജനങ്ങള്‍ ഒപ്പമുണ്ട്. കാഞ്ഞിരത്തിനാല്‍ ഭൂമിയില്‍ നിന്നും ആരംഭിച്ച കാല്‍നടജാഥ ഇന്ന് സമരപ്പന്തലിലെത്തിച്ചേരും. വരുംദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

English summary
Kanjirathinal James coveres 1000 days strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X