കുഞ്ഞിന്റെ മൃതദേഹം തയ്യിൽ ബീച്ചിലെ കടൽ ഭിത്തിയിൽ, കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്!
കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നരവയസ്സുകാരനായ വിയാന്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൂര്‍ദ്ധാവില്‍ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതാണ് മരണകാരണമായിരിക്കുന്നത്. തയ്യില്‍ ബീച്ചിലെ കടല്‍ ഭിത്തിക്കിടയില്‍ കുരുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കടല്‍ ഭിത്തിയില്‍ തളളിയതാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. കൊടുവളളി ഹൗസില്‍ പ്രണവിന്റെയും ശരണ്യയുടേയും മകനാണ് വിയാന്‍. ബുധനാഴ്ച രാത്രിയാണ് വിയാനെ വീട്ടില്‍ നിന്ന് കാണാതായത്. പിറ്റേ ദിവസം കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കളില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്.

പഴിചാരി അച്ഛനും അമ്മയും
കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷനില്‍ വെച്ച് കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രണവ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ശരണ്യയുടെ ബന്ധുവും നാട്ടുകാരില്‍ ചിലരും ആരോപിക്കുന്നുണ്ട്. അതേസമയം ശരണ്യയും പ്രണവും കുഞ്ഞിന്റെ കൊലപാതകക്കുറ്റം പരസ്പരം ആരോപിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അച്ഛനൊപ്പം ഉറക്കിക്കിടത്തി
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്നലെ വീട് പരിശോധിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും പരിശോധന നത്തി. മൃതദേഹം കണ്ടെത്തിയ കടല്‍ഭിത്തിയില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് വീട്. കുഞ്ഞിന്റെ അമ്മയായ ശരണ്യ മൂന്ന് മണിക്ക് പാല് കൊടുത്ത് കുട്ടിയെ ഉറക്കി കിടത്തിയതാണ്. അച്ഛന്‍ പ്രണവിനൊപ്പമാണ് കുഞ്ഞിനെ കിടത്തിയിരുന്നത്.

കടൽഭിത്തിയിൽ മൃതദേഹം
എന്നാല്‍ രാവിലെ ആറര മണിയോടെ കുട്ടിയെ മുറിയില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും വിയാനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രണവ് പോലീസിനെ സമീപിക്കുകയും കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെയാണ് 11 മണിയോടെ കടപ്പുറത്ത് നിന്നും കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.

വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ
പ്രണവും ശരണ്യയും തമ്മിലുളള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പ്രണവ് കുഞ്ഞിനൊപ്പം മുറിയിലാണ് കിടന്നിരുന്നത്. മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയുമായിരുന്നു. ശരണ്യ ഹാളില്‍ ആയിരുന്നു കിടന്നിരുന്നത്. അപ്പോള്‍ പ്രണവ് അറിയാതെ എങ്ങനെയാണ് കുഞ്ഞിനെ കാണാതാവുന്നത് എന്നാണ് ശരണ്യയുടെ ബന്ധു ചോദിക്കുന്നത്.

പ്രണയ വിവാഹം കഴിച്ചവർ
ഞായറാഴ്ച രാത്രി ശരണ്യയും പ്രണവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും പ്രണയിച്ച് രണ്ട് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചവരാണ്. പരസ്പര വിരുദ്ധമായ മൊഴികളാണ് ശരണ്യയും പ്രണവും പോലീസിന് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ കൊന്നത് പ്രണവ് ആണെന്ന് ശരണ്യയും കൊലപാതകത്തില്‍ ശരണ്യയ്ക്കും പങ്കുണ്ടെന്ന് പ്രണവും ആരോപിക്കുന്നതാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications