റിയാസ് സിപിഎമ്മിനെ ഹൈജാക്ക് ചെയ്‌തെന്ന് കാരാട്ട് റസാഖ്; ഇനി അന്‍വറിനൊപ്പം..?
കോഴിക്കോട്: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന് പിന്നാലെ സി പി എമ്മിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ ഇടത് സഹയാത്രികനും കൊടുവള്ളി മുന്‍ എം എല്‍ എയുമായ കാരാട്ട് റസാഖ്. കൊടുവള്ളി മണ്ഡലത്തില്‍ താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ലീഗുമായി ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിക്കുകയാണെന്ന് കാരാട്ട് റസാഖ് ആരോപിച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സി പി എം വിടുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ എടുത്ത തീരുമാന പ്രകാരം വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ്. റിയാസാണ് ഇതിന് പിന്നില്‍. താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരാഴ്ച കാത്തുനില്‍ക്കുമെന്നും റസാഖ് പറഞ്ഞു. ഇത് സംബന്ധിച്ച് രണ്ട് പരാതികള്‍ സി പി എമ്മിന് നല്‍കിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

'നിയമസഭ തിരഞ്ഞടുപ്പില്‍ എന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിനെ കുറച്ചായിരുന്നു ഒരു പരാതി. ഈ പരാതിയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടിയുടെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെ കുറിച്ചായിരുന്നു രണ്ടാമത്തെ പരാതി. ഈ പരാതിയിലും സി പി എമ്മിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല,' കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.
തന്നെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസിനെ പല തവണ സമീപിച്ചിട്ടും അവഗണിക്കുകയായിരുന്നു. സിപിഎമ്മിനെ റിയാസ് ഹൈജാക്ക് ചെയ്യുകയാണ് എന്നും സി പി എം പ്രദേശിക നേതാക്കള്‍ തനിക്ക് എതിരെ നില്‍ക്കുകയാണ് എന്നും റസാഖ് പറഞ്ഞു.
അതേസമയം മുസ്ലീം ലീഗിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അന്‍വര്‍ അടുത്ത സുഹൃത്താണ് എന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡി എം കെയില്‍ ചേരുന്നത് പരിഗണിക്കും എന്നും റസാഖ് പറഞ്ഞു. അന്‍വറിന്റെ പാര്‍ട്ടിയിലേക്ക് ക്ഷണമുണ്ട് എന്നും കാത്തിരിക്കാനാണ് താന്‍ നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ ക്ഷേമനിധി അധ്യക്ഷന്‍ എന്ന ബോര്‍ഡ് കാറില്‍ നിന്നു മാറ്റിയിട്ടുണ്ട് എന്നും റസാഖ് പറഞ്ഞു. ഇന്നലെ പി വി അന്‍വറിനെ കണ്ടിരുന്നു എന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്നും കാരാട്ട് റസാഖ് പറഞ്ഞു.












Click it and Unblock the Notifications