കരുവന്നൂര്‍: 'പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായി'; ഇഡിയെ ആര്‍ക്കും തടയാനാകില്ലെന്ന് ജി സുധാകരന്‍
ആലപ്പുഴ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് സി പി എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സഹകരണ വകുപ്പ് മന്ത്രിയുമായ ജി സുധാകരന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കവെയാണ് സുധാകരന്റെ തുറന്നുപറച്ചില്‍. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
'കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഏതെങ്കിലും പാര്‍ട്ടിക്കാരോ മറ്റോ അതില്‍ വീണിട്ടുണ്ടെന്ന് കരുതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിശുദ്ധത ഇല്ലാതാകില്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും. അതിന് ജനങ്ങളുടെ വിശ്വാസമുള്ളതാണ്,' ജി സുധാകരന്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി കുഴപ്പക്കാരെ ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം എന്നും കരുവന്നൂര്‍ കേസില്‍ പണം തട്ടിയെടുത്തുവരുടെ സ്വത്ത് കണ്ടുകെട്ടണം എന്നും ജി സുധാകരന്‍ വ്യക്തമാക്കി. സഹകരണ വകുപ്പ് സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല എന്നും എല്ലാം സെക്രട്ടറി അറിയണം എന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഭരണസമിതി ശരിയായി അന്വേഷിക്കാത്തത് കൊണ്ടാണ് എന്നും സുധാകരന്‍ തുറന്നടിച്ചു.
എം കെ കണ്ണന്‍ കാര്യങ്ങള്‍ ഇ ഡിയെ ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കുന്ന ഇ ഡിയെ ആര്‍ക്കും തടയാനാകില്ല എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം കെ കണ്ണന്‍ സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്തമാണെന്ന് ഇ ഡി അറിയിച്ചു.
നേരത്തേയും ഇ ഡി രേഖകള്‍ അപര്യാപ്തമാണ് എന്ന് പറഞ്ഞിരുന്നു. ഇതോടെ ആവശ്യമായ രേഖകളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ ഇ ഡി തീരുമാനിച്ചു. ആദ്യം സമര്‍പ്പിച്ച രേഖകള്‍ കൂടാതെ കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെ സ്വത്തുവിവരങ്ങള്‍, നിക്ഷേപങ്ങള്‍, ആദായം എന്നിവയുടെ കണക്കുകള്‍ ഇ ഡി നിര്‍ദ്ദേശിച്ചത് പ്രകാരം കഴിഞ്ഞ ദിവസം കണ്ണന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തൃശൂര്‍ സഹകരണ ബാങ്കിലെ ഇടപാട് വിവരങ്ങള്‍ പൂര്‍ണമായും സമര്‍പ്പിച്ചിട്ടില്ലെന്നാണ് ഇ ഡി വിലയിരുത്തല്‍.












Click it and Unblock the Notifications