കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി ഇഡി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി പി എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം എം വർഗീസിനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്. തൃശൂരിലെ ഒരു പൊതുമേഖലാ ബാങ്കിലെ സി പി എമ്മിന്റെ പാർട്ടി അക്കൗണ്ടിൽ നിന്ന് വൻ തുക പിൻവലിച്ചതുമായി ബന്ധപ്പെട്ട് വർഗീസിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. ബാങ്കിന്റെ എംജി റോഡ് ശാഖയിൽ ആദായനികുതി ഐടി വകുപ്പ് റെയ്ഡും നടത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു വർഗീസിനെ ചോദ്യം ചെയ്തത്. രാത്രി ഒൻപതരയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. വർഗീസിന്റെ ഫോൺ ഇഡി കസ്റ്റഡിയിലെടുത്തതായി സൂചനുണ്ട്. ബാങ്കിൽ നിന്നും കോടികൾ പിൻവലിച്ചെന്നാണ് ഇഡി കണ്ടെത്തെലെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

സി പി എം വെളിപ്പെടുത്തിയ ഐടി റിട്ടേണിൽ ബാങ്കിൽ നിന്നും പിൻവലിച്ച തുക സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നില്ല. തുക സംബന്ധിച്ച വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിഞ്ഞത്. ആരാണ് ഇത്രയും വലിയ തുക പിൻവലിച്ചത്, തുകയുടെ ഉറവിടം എന്താണ്, ആർക്കാണ് ഇത്രയും തുക കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. ഇപ്പോഴും ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള സി പി എമ്മിന്‍റെ 25 അക്കൗണ്ടുകളുടെ വിവരങ്ങള്‍ പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് സ്റ്റേറ്റ്‌മെന്റില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഈ അക്കൗണ്ടുകള്‍ നിയമ വിരുദ്ധമായി ആരംഭിച്ചതാണെന്നും വിഷയത്തിൽ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കമ്മീഷന് കത്ത് കൈമാറിയത്.
അതിനിടെ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട പരാതി അന്വേഷിച്ച സി പി എം പാർട്ടി കമ്മിഷൻ അംഗം പി കെ ഷാജനേയും പാർട്ടി കമ്മിഷനെ നയിച്ച മുൻ എം പി പി കെ.ബിജുവിനേയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറോളമാണ് ബിജുവിനെ ചോദ്യം ചെയ്തത്. ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബിജുവിൽ നിന്നും വിവരങ്ങൾ തേടിയത്. തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ബിജുവിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications