കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടുന്ന എടിഎം കവര്‍ച്ചാ സംഘത്തിന് സഹായം നല്‍കുന്നത് കൊച്ചി സ്വദേശിനി
കാസര്‍കോട്: സ്‌കിമ്മര്‍ ഉപയോഗിച്ച് കോഴിക്കോട്ടെ എ.ടി.എമ്മുകളില്‍ നിന്നും പണം കൊള്ളയടിച്ച കാസര്‍കോട്ടെ സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
എടിഎം കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒളിവില്‍ കഴിയുകയും ചെയ്യുന്ന കാസര്‍കോട്ടെ സംഘത്തിന് എല്ലാവിധ സഹായങ്ങളും നല്‍കിയത് കൊച്ചി സ്വദേശിനിയായ യുവതിയാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ഈ യുവതി കോഴിക്കോട്ടാണ് താമസിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിനും എ.ടി.എം തട്ടിപ്പുസംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ വിദഗ്ധയായ യുവതി ഭര്‍ത്താവ് മുഖാന്തിരമാണ് സംഘവുമായി ബന്ധം സ്ഥാപിച്ചത്. എ.ടി.എം കൗണ്ടറിന്റെ കീപാഡിന് മുകളില്‍ ഒളിക്യാമറവെച്ച് രഹസ്യ നമ്പര്‍ ചോര്‍ത്തുന്ന രീതി യുവതിയില്‍ നിന്നാണ് സംഘം സ്വായത്തമാക്കിയത്. കേരളത്തിനകത്തും പുറത്തും വ്യാപിച്ചിരിക്കുന്ന വലിയൊരു കൊള്ള സംഘമാണിതെന്ന് നേരത്തെ ഈ കേസില്‍ അറസ്റ്റിലായവരില്‍ നിന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു.
കാസര്‍കോട് ചെട്ടുംകുഴിയിലെ നൂര്‍ മുഹമ്മദ് (33), രാംദാസ് നഗറിലെ മുഹമ്മദ് ബിലാല്‍ (28) എന്നിവരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. മധൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജുനൈദിനെയും കൊച്ചി സ്വദേശിയായ യുവതിയേയും അടക്കമുള്ളവരെയാണ് ഇനി പിടികൂടാനുള്ളത്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് യുവതി കോഴിക്കോട്ട് നിന്നും മുങ്ങിയിരിക്കുകയാണ്. യുവതിയെ കണ്ടെത്തുന്നതിന് കോഴിക്കോട്ടും കൊച്ചിയിലുമായി പൊലീസ് അന്വേഷണം തുടരുകയാണ്.
കോഴിക്കോട് നഗരത്തില്‍ എ.ടി.എം കവര്‍ച്ചക്ക് സഹായം നല്‍കിയതിന് യുവതിക്ക് സംഘം പ്രതിഫലമായി നല്‍കിയത് രണ്ട് ലക്ഷം രൂപയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച ചെയ്ത് ലഭിക്കുന്ന പണമെല്ലാം സംഘം യുവതിയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കാറുള്ളത്. പ്രതിഫലമെന്ന നിലക്ക് രണ്ട് ലക്ഷം രൂപയാണ് യുവതിക്ക് നല്‍കിയതെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
അതിനിടെ കാസര്‍കോട് ജില്ലയില്‍ എ.ടി.എം കൗണ്ടറുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ നൂര്‍മുഹമ്മദിനേയും മുഹമ്മദ് ബിലാലിനേയും കസ്റ്റഡിയില്‍ കിട്ടുന്നതിന് കാസര്‍കോട് പൊലീസ് നടപടിയാരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും എ.ടി.എം കൗണ്ടറുകള്‍ കുത്തിത്തുറന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുകളില്‍ പ്രതികളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications