ഫ്‌ളാറ്റില്‍ ഡിജെ ക്ലബ്ബ്,നിശാ പാർട്ടികൾ, മയക്കുമരുന്ന് കേസില്‍ കാസർകോട് സ്വദേശി അറസ്റ്റിൽ
കാസര്‍കോട്: കൊക്കെയില്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി യുവതിയോടൊപ്പം എറണാകുളം മരട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (32) സിനിമ-സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഗള്‍ഫിലായിരുന്ന ബിലാല്‍ സ്ഥാപനത്തില്‍ നിന്ന് എക്‌സ്‌ചേഞ്ചില്‍ അടക്കാന്‍ കൊടുത്തയച്ച പണവുമായി മുങ്ങിയ സംഭവത്തിലെ പ്രധാനിയാണ്.
പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മയോടൊപ്പമാണ് ബിലാല്‍ അറസ്റ്റിലായത്. സിനിമ-സീരിയല്‍ രംഗത്തെ ആവശ്യക്കാര്‍ക്കായി ബിലാലിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നതെന്നും ഇവരില്‍ നിന്ന് ലഹരി വസ്തുക്കള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി വസ്തുക്കളുടെ വില്‍പ്പനക്ക് പുറമെ ഇവ ഉപയോഗിക്കാന്‍ ന്യൂജെന്‍ ഡാന്‍സ് ബാറിനെ പോലും വെല്ലുന്ന സൗകര്യങ്ങളും ഇവര്‍ താമസിച്ചിരുന്ന ചിലവന്നൂര്‍ ബണ്ട് റോഡിലെ വാടക വീട്ടില്‍ ഒരുക്കിയിരുന്നു.

കാതടിപ്പിക്കുന്ന ഡിജെ സംഗീതവും ഡിസ്‌കോ ലൈറ്റുകളും ന്യൂജെന്‍ പെയിന്റുകളും മുറിയില്‍ ഒരുക്കി ഒരുപാടുപേരെ ഇവര്‍ ആകര്‍ഷിച്ചിരുന്നുവെന്നും നിരവധി പേര്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് ലഭ്യമാക്കിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡിജെ ക്ലബ്ബില്‍ രണ്ട് ദിവസത്തെ പാക്കേജിന് 25,000 രൂപയാണ് ഈടാക്കിയിരുന്നത്.
ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്ന കണ്ണൂര്‍ തലശ്ശേരി സ്വദേശി ചിഞ്ചുമാത്യൂ(24)വിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാക്കനാട്ടെ ഫഌറ്റില്‍ നിന്ന് ചിഞ്ചുമാത്യുവിനെ പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ അരകിലോയിലധികം കഞ്ചാവ് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പുറമെ നഗരത്തിലെ ചില പ്രമുഖ റസ്റ്റോറന്റുകളുടേയും റെഡിമെയ്ഡ് ഷോപ്പുകളുടേയും ഉടമകള്‍ ഇവരുടെ സങ്കേതത്തില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു.












Click it and Unblock the Notifications