'വനിത അഭിമുഖമൊക്കെ ദിലീപിന്റെ പിആർ സ്റ്റണ്ടുകള്‍: എന്നാല്‍ നടിക്ക് ആ ആനുകൂല്യമില്ല'
എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചത്. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണ് ബന്ധമെന്നും കോടതി ചോദിച്ചിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ വിധി പറയാന്‍ കേസ് ഈ മാസം 20 ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടെയൊന്നുമല്ല തനിക്ക് ഇക്കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നതെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നത്.

തന്റെ വെളിപ്പെടുത്തല്‍ കൊണ്ട് ദിലീപ് ശിക്ഷിക്കപ്പെടുമോ ഇല്ലോയോ എന്ന് എനിക്കറിയില്ലെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാർ. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ശിക്ഷിക്കണമെന്നോ ശിക്ഷിക്കപ്പടെരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്കും എന്റെ കുടുംബത്തിനും ജീവന് ആപത്തുണ്ടെന്ന് പറഞ്ഞാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഞാന്‍ പരാതി നല്‍കിയത്. ദിലീപില്‍ നിന്നും എന്തിനാണ് എനിക്ക് പൊലീസ് സംരക്ഷണം വേണ്ടത് എന്ന് വ്യക്തമാക്കാനാണ് ഈ കഥകളൊക്കെയും എനിക്ക് വിവരിക്കേണ്ടി വന്നതെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറൈറ്റി ലുക്കില്‍ രമ്യ നമ്പീശന്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

കോടതി എന്ത് പറയും എന്നതൊന്നും ഞാന്‍ നോക്കിയിട്ടില്ല. നിയമപരമായ കാര്യങ്ങളെ കുറിച്ചൊന്നും എനിക്ക് കൂടുതല്‍ അറിയില്ല. പ്രോസിക്യൂഷന്‍ പരാജയപ്പെടാന്‍ പോവുന്ന സമയത്ത് ഒരു കച്ചിതുരുമ്പെന്നോണം ബാലചന്ദ്രകുമാറിനെ നൂലില്‍ കെട്ടിയിറക്കിയെന്നാണ് ദിലീപ് പറയുന്നത്. പ്രോസിക്യൂഷന്‍ പരാജയപ്പെടാന്‍ പോകുന്നുവെന്ന് ദിലീപ് എങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും ബാലചന്ദ്രകുമാർ ചോദിക്കുന്നു.

ദിലീപിന്റെ ക്യാമ്പില്‍ ജീവിക്കുന്ന ഒരാളല്ലേ ഞാന്‍. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഈ കേസിനെ കുറിച്ച് കണ്ടും കേട്ടും മനസ്സിലാക്കിയിട്ടുണ്ട്. എന്നെ ആരും കെട്ടിയിറക്കിയതല്ല. കേസില്‍ നിന്നും ഊരിപ്പോരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ദിലീപിനുണ്ട്. അതുകൊണ്ടാണ് പ്രോസിക്യൂഷന്‍ പരാജയപ്പെടാന്‍ പോകുന്നുവെന്ന് ദിലീപിന് ഇപ്പോഴെ പറയാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു

കേസില്‍ ദിലീപ് നടത്തുന്ന പിആർ സ്റ്റണ്ടുകളാണ് വനിതയിലടക്കം വന്ന അഭിമുഖമെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത ആനന്ദ് കൊച്ചുകുടി അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന് പലരേയും സ്വാധീനിക്കാന്‍ കഴിയുന്നു. സാധാരണ കേസ് നടക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടക്കും. എന്നാല്‍ എതിർ പക്ഷത്തുള്ള ഇരയ്ക്ക് ഇങ്ങനെയൊക്കെ വന്ന് സംസാരിക്കാനോ പ്രസ്താവന ഇറക്കാനോ പറ്റാത്ത സാഹചര്യത്തില്‍ ദിലീപ് മാത്രം തന്റെ ഭാഗങ്ങള്‍ പറയുന്നു. അദ്ദേഹത്തിന്റെ അത്തരത്തില്‍ പല അനുകൂല ഘടകങ്ങളും കിട്ടുന്നുവെന്നും ആനന്ദ പറയുന്നു.

പള്‍സർ സുനിയെപ്പോലുള്ള പ്രതികളേയും മറ്റ് സാക്ഷികളേയും മാത്രമല്ല, പ്രോസിക്യൂഷനെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളാണ് ദിലീപ് എന്ന് നമുക്ക് അറിയാം. പബ്ലിക് സമ്മർദം കോടതിയെ സ്വാധീനിച്ചേക്കാം. അവരിതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. കേസില്‍ എന്തെങ്കിലുമൊക്കെ വഴിത്തിരുവകള്‍ ഉണ്ടാവുമ്പോള്‍ അതിന് അനുസരിച്ചുള്ള നീക്കമുണ്ടാവണം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, കോടതി നടത്തിയത് വാക്കാല്‍ നിരീക്ഷണങ്ങളാണെന്നായിരുന്നു ചർച്ചയില്‍ പങ്കെുത്ത അഡ്വ. അസിഫലി പറഞ്ഞത്. പുനരന്വേഷണം എന്നത് ഏത് ഘട്ടത്തിലും സാധ്യമാവുന്ന ഒരു കാര്യമാണ്. ആ വാതിലുകള്‍ ഒരിക്കലും അടക്കപ്പെടുന്നില്ല. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞാലും പുനരന്വേഷണം ആവാം. ഏത് ഘട്ടത്തലും തെളിവ് ലഭിച്ചാലും പുനരന്വേഷണം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കോടതിക്ക് മതിയായ കാരണങ്ങള്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ വീണ്ടും വിസ്തരിക്കാന്‍ അനുമതി നല്‍കുകയുള്ളു. വിചാരണ നടക്കുന്ന സമയത്ത് പുതിയ തെളിവുകള്‍ വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അതിനെ ഒഴിവാക്കാന് പറ്റില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കോടതിക്കും അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ആസിഫലി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications