കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന്? പക്ഷെ വരില്ല? പ്രധാനപ്പെട്ടത് വേറെ കാര്യങ്ങള്‍
ദില്ലി: എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യം സംബന്ധിച്ച് നിരവധി ചർച്ചകളാണ് വിവിധ കോണുകളില്‍ നിന്ന് ഉയർന്ന് വരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇല്ലെങ്കില്‍ പകരക്കാരനായി കെസി വേണുഗോപാല്‍ എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.
ഇതിനിടയാണ് കഴിഞ്ഞ തവണ നഷ്ടമായ ഏക സീറ്റായ ആലപ്പുഴ തിരിച്ചു പിടിക്കാന്‍ വേണുഗോപാല്‍ ഇറങ്ങണമെന്ന ആവശ്യം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും ഉയർത്തുന്നത്. എന്നാല്‍ ദേശീയ തലത്തില്‍ സംഘടനാ ചുമതലകളുടെ ഭാരിച്ച ഉത്തരവാദിത്തം ഉള്ളതിനാല്‍ അദ്ദേഹം മത്സരിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല.

കെസി വേണുഗോപാൽ ആലപ്പുഴയിൽ ഇറങ്ങണമെന്ന് രമേശ് ചെന്നിത്തല തന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കെസി വേണുഗോപാല്‍ 2009 ലും 2014 ലും വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. ഏത് സാഹചരത്തിലും കെസി മത്സരിച്ചാല്‍ ആലപ്പുഴയില്‍ യു ഡി എഫ് വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് പ്രവർത്തകരും അവകാശപ്പെടുന്നു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദേശീയ തലത്തില്‍ ഒട്ടനവധി സംഘടന പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതായിട്ടുള്ളതിനാല്‍ ഇത്തവണയും മത്സരത്തിനില്ലെന്ന നിലപാടിലാണ് കെസി വേണുഗോപാല്‍.
എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിന് പുറമേ രണ്ടാം ഭാരത് ജോഡോയുടെ നടത്തിപ്പും ഇന്ത്യാ മുന്നണിയുടെ ഏകോപനവും ഉള്‍പ്പെടെയുള്ള ചുമതലകള്‍ കെസി വേണുഗോപാലിനുണ്ട്. ഇത്തരത്തിലുള്ള ഒരു നേതാവ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പ്രചരണ രംഗത്ത് സജീവമാകാന്‍ സ്വാഭാവികമായും കഴിയില്ല. ഇതാണ് അദ്ദേഹത്തെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.
കെസി വേണുഗോപാല്‍ ഇല്ലെങ്കില്‍ പകരം ആരെന്ന ചർച്ചകളും കോണ്‍ഗ്രസില്‍ സജീവമാണ്. എം ലിജുവിന്റേതാണ് ആലപ്പുഴയില്‍ ഉയർന്ന് കേള്‍ക്കുന്ന ഒരു പേര്. ലിജുവിന് പുറമെ കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന്റെ പേരും ചർച്ചയിലുണ്ട്. എ എ ഷുക്കുറിന്റെ പേരും മണ്ഡലത്തില്‍ പരിഗണനയിലുണ്ട്.
കഴിഞ്ഞ തവണ ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിലായിരുന്നു ആലപ്പുഴയില്‍ സി പി എമ്മിന് ആശ്വാസം വിജയം നേടിയെടുക്കാന്‍ സാധിച്ചത്. 9213 വോട്ടുകള്‍ക്കായിരുന്നു ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകളും ഷാനിമോള്‍ 433790 വോട്ടുകളും നേടി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ ഡോ. കെഎസ് രാധാകൃഷ്ണന്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications