'മോദി എന്താണോ ചെയ്യുന്നത് അത് തന്നെ ആവർത്തിക്കുക ആണിവിടെ..'; സർക്കാരിനെതിരെ കെസി വേണുഗോപാൽ
ന്യൂഡൽഹി: കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിയിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പോലീസ് അതിക്രമത്തെ അപലപിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത പല കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തായിരിക്കും സ്ഥിതി അതല്ലേ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് നേതാക്കൾക്ക് എതിരെ ഗ്രനേഡ് എറിഞ്ഞത്..? എവിടെ നിന്നാണ് ഈ നിർദ്ദേശം കിട്ടിയത്? ഡിജിപി ഓഫീസിൽ നിന്നും നൽകിയതാണോ? ഇതിൽ നിന്നൊന്നും പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

അടിക്ക് തിരിച്ചടി കോൺഗ്രസിന്റെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കോടതി നടപടി വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെ മുഖ്യമന്ത്രി അയാളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെയോ കരുണാകരന്റെയോ വിഎസിന്റെയോ ഗൺമാന്മാർ ആരെയെങ്കിലും തല്ലിയിട്ടുണ്ടോ? മോദിക്കെതിരെ പറഞ്ഞാൽ ഇഡിയെ അയക്കുകയും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസ് എടുക്കുകയും ചെയ്യുകയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
ഗവർണറുടെ നടപടിയെ കെസി വേണുഗോപാൽ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ആളുകളെ തിരുകി കയറ്റാൻ ശ്രമിക്കുകയാണ്, ഗവർണർ ഗവർണറുടെ ആളുകളെയും തിരുകിക്കയറ്റുന്നു. കോൺഗ്രസിന്റെ നിലപാട് ഞാൻ നേരത്തെ വ്യക്തമാക്കിയതാണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള സദസിന്റെ ബാനറുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസിന് നേരെ ഇവർ കല്ലെറിയുകയും ചെയ്‌തു. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാനാണ് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവ് പ്രസംഗിച്ച് കൊണ്ടിരിക്കെ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞത്. ഈ സമയം പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
അതിനിടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ഉൾപ്പെടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റി ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പുറമെ കെ മുരളീധരന്‍ എംപിക്കും വനിതാപ്രവര്‍ത്തകര്‍ക്കും സമാനമായ രീതിയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതിന് പിന്നാലെ നേതാക്കള്‍ വേദി വിടുകയായിരുന്നു.












Click it and Unblock the Notifications