പുതുപ്പള്ളിയിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥി? കോൺഗ്രസിൽ തീരുമാനമായ സീറ്റുകളും മാറിമറിയാം
തിരുവനന്തപുരം: പത്ത് സീറ്റുകളിലെ തര്‍ക്കത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം നീളുകയാണ്. 81 സീറ്റുകളിലാണ് നിലവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിരിക്കുന്നത്.
തര്‍ക്കമുളള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ നിലവില്‍ സീറ്റുറപ്പിച്ചവരില്‍ ചിലരെങ്കിലും മാറാനും സാധ്യതയുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കാനുളള സാധ്യത നിലവില്‍ തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ പുതുപ്പള്ളിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വന്നേക്കും. വിവരങ്ങള്‍ ഇങ്ങനെ

കരുത്തൻ തന്നെ വരും
സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് ഇടത് മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു. 81 സീറ്റുകളില്‍ തീരുമാനമായിട്ടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഏറ്റവും നിര്‍ണായകം നേമത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ്. കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ നേമത്ത് വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

പുതുപ്പളളി മാറുമോ
ബിജെപിക്കെതിരെ കേരളത്തില്‍ പൊരുതുന്നത് തങ്ങളാണ്, ഇടത് പക്ഷമല്ല എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ അതാര് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. പുതുപ്പളളിയില്‍ എത്തിയ ശേഷം ഉമ്മന്‍ചാണ്ടി താന്‍ മണ്ഡലം മാറില്ലെന്നാണ് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നത്.

നിര്‍ബന്ധിക്കില്ലെന്ന് രാഹുൽ
എന്നാല്‍ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് സമ്മതം അറിയിച്ചതായുളള സൂചനകളും പുറത്ത് വരുന്നുണ്ട്. പുതുപ്പളളി വിട്ട് നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിക്കില്ല എന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനം ഉമ്മന്‍ചാണ്ടിയുടേതാണ് എന്നും രാഹുല്‍ ഗാന്ധി പറയുന്നു. ഹരിപ്പാട് വിടില്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി
നേമത്ത് ഉമ്മന്‍ചാണ്ടി ആണെങ്കില്‍ പുതുപ്പളളിയില്‍ ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി മത്സരിച്ചേക്കും എന്നാണ് സൂചന. നേരത്തെ ചാണ്ടി ഉമ്മന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്. തര്‍ക്കം നിലനില്‍ക്കുന്നത് നിലവില്‍ നേമം, കൊല്ലം, കുണ്ടറ, പട്ടാമ്പി, നിലമ്പൂര്‍, തവനൂര്‍, കാഞ്ഞിരപ്പളളി, തൃപ്പൂണിത്തുറ, ആറന്മുള എന്നീ സീറ്റുകളിലാണ്. ഈ പത്തില്‍ തീരുമാനമാകുമ്പോള്‍ നേരത്തെ തീരുമാനമായ 81ല്‍ ചിലതിലും മാറ്റങ്ങള്‍ വന്നേക്കാം.

കൊല്ലം തന്നെ വേണം
കൊല്ലം, കുണ്ടറ സീറ്റുകളില്‍ പിസി വിഷ്ണുനാഥിന്റെയും ബിന്ദു കൃഷ്ണയുടേയും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കൊല്ലം സീറ്റ് തന്നെ രണ്ട് നേതാക്കള്‍ക്കും വേണം എന്നതാണ് പ്രശ്‌നം. കൊല്ലം ഇല്ലെങ്കില്‍ മത്സരിക്കാനേ ഇല്ല എന്നാണ് പിസി വിഷ്ണുനാഥ് അറിയിച്ചിരിക്കുന്നത്. ബിന്ദു കൃഷ്ണയെ കുണ്ടറ സീറ്റില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചന.

കുണ്ടറ സീറ്റ് വേണ്ട
എന്നാല്‍ ധര്‍മ്മടത്ത് മത്സരിച്ചാല്‍ പോലും കുണ്ടറ വേണ്ട എന്നാണ് ബിന്ദു കൃഷ്ണ പറയുന്നത്. വിഷ്ണുനാഥിന് വേണ്ടി ഉമ്മന്‍ചാണ്ടി രംഗത്തുണ്ട് എന്നതിനാല്‍ കൊല്ലം സീറ്റ് ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കാന്‍ സാധ്യത ഇല്ല. ബിന്ദു കൃഷ്ണയെ പിന്തുണച്ച് കൊല്ലത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ രാജി വെച്ച് പ്രതിഷേധിക്കുകയാണ്. ബിന്ദു കൃഷ്ണ കുണ്ടറ സീറ്റ് നിഷേധിച്ചാല്‍ എന്‍എസ്യു നേതാവ് എറിക് സ്റ്റീഫനാണ് സാധ്യത.

ബാബുവിനും വാഴക്കനും വേണ്ടി
തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വേണ്ടിയാണ് ഉമ്മന്‍ചാണ്ടി വാദിക്കുന്നത്. ഈ സീറ്റിലേക്ക് സൗമിനി ജെയിനെ കൂടി പരിഗണിക്കുന്നുണ്ട്. മാത്രമല്ല കാഞ്ഞിരപ്പളളിയില്‍ ജോസഫ് വാഴക്കന് വേണ്ടിയും ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സിആര്‍ മഹേഷിനാണ് ഈ സീറ്റില്‍ സാധ്യത ഉളള രണ്ടാമന്‍. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിലും തര്‍ക്കമുണ്ട്.
Recommended Video

കോണ്‍ഗ്രസിന് തലവേദന
ഞായറാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. മുല്ലപ്പളളി രാമചന്ദ്രന്‍ ദില്ലിയില്‍ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുകയാണ്. കേരളത്തിലേക്ക് തിരിച്ചെത്തിയ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തര്‍ക്കമുളള സീറ്റുകളില്‍ സമവായത്തിനുളള ശ്രമത്തിലാണുളളത്. സ്ഥാനാര്‍ത്ഥി സൂചനകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ പലയിടത്തും പൊട്ടിത്തെറി ആരംഭിച്ചത് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ കോണ്‍ഗ്രസിന് തലവേദനയാവുകയാണ്.












Click it and Unblock the Notifications