തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഏത് മുന്നണിയെ പിന്തുണയ്ക്കും? മറുപടിയുമായി സാബു എം ജേക്കബ്, ഉപാധി വെയ്ക്കും
തിരുവനന്തപുരം; മുഖ്യധാര മുന്നണികളെ മൂക്കുകപത്തിച്ച് കൊണ്ടായിരുന്നു ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ട്വന്റി ട്വന്റി തേരോട്ടം നടത്തിയത്. കുന്നത്തുനാട് നിയമസഭ മണ്ഡലത്തിലെ 4 പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി വിജയഭേരി മുഴക്കിയത്. ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാനാരുങ്ങുകയാണ് സംഘടന.
8 മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ പോരിനിറങ്ങുന്നത്.
Recommended Video
അതിനിടെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രതീക്ഷകളും ഭാവി നിലപാടുകളും വ്യക്തമാക്കുകയാണ് ട്വന്റി ട്വന്റിയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. വൺ ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്

നിയമസഭ തിരഞ്ഞെടുപ്പിൽ
തദ്ദേശ തിരഞ്ഞെടുപ്പിനിടെയുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയതെന്ന് സാബു എം ജേക്കബ് പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തിരുമാനം ഉണ്ടായിരുന്നില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് കിഴക്കമ്പലം പഞ്ചായത്തിൽ യുപിയിലും ബിഹാറിലും നടന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയത്.

ചോദ്യം ചെയ്യാൻ
1500 ഓളം പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. 40 ഓളം പേരാണ് ക്രൂരമായി മർദ്ദിക്കപ്പെട്ടത്.പലരേയും ബൂത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. ആ സംഭവമാണ് യഥാർത്ഥത്തിൽ ഞങ്ങളെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്. എന്തൊക്കെ ചെയ്താലും ഞങ്ങളെ ആരും ഒന്നും ചെയ്യുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ചോദ്യം ചെയ്യാൻ ആരുമില്ലേങ്കിൽ അത് വളർന്ന് വരുന്ന തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് വഴിമാറും.ഈ ചിന്തയാണ് നിയമസഭ പോരാട്ടം എന്ന തിരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച 8 സ്ഥാനാർത്ഥികൾ
വിദ്യാഭ്യാസ യോഗ്യതയുള്ള, അറിവുള്ള , രാഷ്ട്രീയം തൊഴിലാക്കി എടുക്കാത്ത സ്ഥാനാർത്ഥികളെ കണ്ടെത്തുകയെന്നതായിരുന്നു സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി.14 മണ്ഡലങ്ങളിലാണ് മത്സരിക്കാൻ വിചാരിച്ചിരുന്നതെങ്കിലും മികച്ച 8 സ്ഥാനാർത്ഥികളെ മാത്രമേ കണ്ടെത്താൻ തങ്ങൾക്ക് സാധിച്ചുള്ളൂ. ഇപ്പോഴത്തെ പരമ്പരാഗത രാഷ്ട്രീയ സംവിധാനത്തിൽ നിന്ന് മാറ്റം വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ ഈ എട്ട് സീറ്റിലും തങ്ങൾക്ക് ജയിക്കാനാകും.മറിച്ചാണ് ജനങ്ങളുടെ തിരുമാനമെങ്കിൽ അതിലും യാതൊരു ആശങ്കളും ഇല്ല.

അഴിമതി രഹിത ഭരണം
അഴിമതിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം. ഞങ്ങൾ മുൻതൂക്കം നൽകുന്നത് അഴിമതി രഹിത ഭരണമാണ്. ഞങ്ങൾ കിഴക്കമ്പലം പഞ്ചായത്തിൽ അഴിമതി തുടച്ച് നീക്കിയപ്പോൾ 39 ലക്ഷം രൂപ കടബാധ്യത ഉണ്ടായിരുന്ന പഞ്ചായത്തിൽ 5 വർഷം കൊണ്ട് 13 കോടി മിച്ചത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഇത് ഇന്ത്യയിൽ എവിടേയും സാധ്യമായ കാര്യമാണ്.
രണ്ട് മുന്നണികളിലും മനം മടുത്തിട്ടാണ് ജനം ട്വന്റി ട്വന്റിയിലേക്ക് വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇരുമുന്നണികളേയും പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറായാൽ പിന്നെ ഞങ്ങളും അവരും തമ്മിൽ വ്യത്യാസമില്ലല്ലോയെന്നും സാബു ജേക്കബ് ചോദിച്ചു.

മുന്നണിയെ പിന്തുണയ്ക്കും
ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായൊരു മോഡലാണ് ട്വന്റി ട്വന്റി. അധികാരത്തിനോ പണത്തിനോ സ്ഥാനമാനത്തിനോ വേണ്ടിയല്ല ട്വന്റി ട്വന്റി രൂപീകരിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് ട്വന്റി ട്വന്റിയുടെ നിലപാട് നിർണായകമാകുന്ന സാഹചര്യം വന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന സാഹചര്യം ഉണ്ടാക്കില്ല. തീർച്ചയായും ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കേണ്ടി വരും.

ഉപാധികളോടെ മാത്രം
അത്തരമൊരു സാഹചര്യത്തിൽ സംഘടനയിൽ ചർച്ച ചെയ്ത് തിരുമാനമെടുക്കും. അതേസമയം പിന്തുണ കൊടുക്കാൻ തയ്യാറായാൽ തന്നെ ഉപാധികളോടെ മാത്രമേ അതിന് തയ്യാറാകൂവെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല മന്ത്രിസഭയിൽ ഒരിക്കലും ഭാഗവാക്കാകില്ല, ഒരു സ്ഥാനമാനങ്ങളും ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications