ബസ് ചാർജ് 10 രൂപ: ഓട്ടോ ചാർജ് 30 രൂപ; യാത്രാ നിരക്ക് വർധിപ്പിച്ച് എൽഡിഎഫ് യോഗം
തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് യാത്രാ നിരക്കുകള്‍ ഉയർത്താൻ തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. എല്‍ഡിഎഫ് യോഗത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാൻ ശുപാര്‍ശ ചെയ്തത്. എട്ട് രൂപ എന്ന മിനിമം ചാർജ്ജിൽ നിന്ന് 10 രൂപയാക്കി ആണ് ബസ് ചാര്‍ജ് വർധിപ്പിച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
പിന്നീടുള്ള ഓരോ കിലോമീറ്ററിനും 90 പൈസയില്‍ നിന്ന് ഒരു രൂപയായി നിരക്ക് വർധിച്ചു. എന്നാൽ, മിനിമം ചാർജ് ഓട്ടോ റിക്ഷയ്ക്കും വർധിപ്പിച്ചു. 30 രൂപയാക്കിയാണ് മിനിമം ചാര്‍ജ് വർധിച്ചത്. നേരത്തെ 25 രൂപ ആയിരുന്നു മിനിമം ചാർജ്.

ഇനി മുതൽ മിനിമം ചാര്‍ജിന് രണ്ടു കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ സാധിക്കും. നിലവില്‍ ഇത് ഒന്നര കിലോ മീറ്റർ ആയിരുന്നു. ഇനി മുതൽ അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാൻ കഴിയും. നിലവില്‍ 12 രൂപയാണ് നിരക്ക്. അതേസമയം, 1500 സിസി വരെയുള്ള കാറുകള്‍ക്ക് നിലവില്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. 200 രൂപയായി ഇതും വർധിപ്പിച്ചു.
അഞ്ച് കിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കാം എന്നതാണ് പുതിയ നിർദ്ദേശം. നിലവില്‍ 15 രൂപയാണ് നിരക്ക്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം ചാര്‍ജ് 225 രൂപയായി വർധിപ്പിച്ചു. നിലവില്‍ ഇത് 200 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം കൊടുക്കേണ്ടി വരും. നിലവില്‍ 17 രൂപ ആണ്. അതേസമയം, വെയ്റ്റിങ് ചാര്‍ജ്, രാത്രികാല അധിക നിരക്ക് എന്നിവയില്‍ ഉണ്ടാകില്ല.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം എന്ന് ആവിശ്യം ബസ് ഉടമകൾ മിന്നോട്ട് വച്ചിരുന്നു. എന്നാൽ, ബസുടമകളുടെ ഈ ആവശ്യം ന്യായമാണെന്നും ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനം ആയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് എൽഡിഎഫ് തീരുമാനം എടുത്തത്. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മിനിമം ചാർജ് 12 രൂപയാക്കണം എന്ന് ബസ്സുടമകളുടെ ആവശ്യം എൽഡിഎഫ് യോഗം തള്ളുകയാണ് ചെയ്തത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശ പ്രകാരം ബസ് ചാർജ് വർദ്ധിപ്പിക്കുവാൻ സർക്കാർ ഇതിനോടകം തന്നെ തീരുമാനിച്ചിരുന്നു. ബുധനാഴ്ച ചേരുന്ന എൽഡിഎഫ് ചർച്ചയ്ക്ക് ബസ് ചാർജ് വർദ്ധനവ് വിഷയമാകും എന്നും അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യാത്രാ നിരക്ക് സംബന്ധിച്ച് എൽഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്.
എന്നാൽ, യാത്ര നിരക്കിൽ സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകള്‍ സമരം നടത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ച്ചിരുന്ന ആവിശ്യങ്ങൾ. എന്നാൽ, നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കും എന്ന സര്‍ക്കാര്‍ ഉറപ്പില്‍ സമരത്തിൽ നിന്നും ബസ് ഉടമകൾ പിന്‍മാറുകയാണ് ചെയ്തത്.
എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്ക് നടത്തിയിരുന്നത്. മാർച്ച് 24 മുതലാണ് കേരളത്തിൽ സ്വകാര്യ ബസുടമകളുടെ പണിമുടക്ക് തുടങ്ങിയത്. സ്വകാര്യ ബസുടമകളുടെ സംയുക്ത സമര സമിതി ആയിരുന്നു പണിമുടക്ക് നടത്തിയത്. അനിശ്ചിത കാലത്തേക്ക് ആയിരുന്നു പണിമുടക്ക്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നല്‍കിയിരുന്നു. തുടർന്നായിരുന്നു സമരവുമായി മുന്നോട്ട് പോയത്.












Click it and Unblock the Notifications