ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളായി; പാലക്കാട് സി കൃഷ്ണകുമാര്‍ മത്സരിക്കും
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാലക്കാട് സി കൃഷ്ണകുമാറാണ് മത്സരിക്കുന്നത്. ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന സീറ്റാണ്. വയനാട്ടില്‍ നവ്യ ഹരിദാസും, ചേലക്കരയില്‍ കെ ബാലകൃഷ്ണനുമാണ് സ്ഥാനാര്‍ത്ഥികള്‍. പാലക്കാട് എല്‍ഡിഎഫും യുഡിഎഫും ബിജെപിയാണ് എതിരാളികളെന്ന് പ്രഖ്യാപിച്ചതാണ്.
ഇത്തവണ ജയം നേടുമെന്ന് ബിജെപി ഉറപ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകിയത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 2859 വോട്ടുകള്‍ക്ക് മാത്രമാണ് ഇ ശ്രീധരന്‍ തോറ്റത്. പക്ഷേ സംസ്ഥാനത്തെ ബിജെപിയുടെ ജനസ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
പല പേരുകളും നേരത്തെ പാലക്കാട് ഉയര്‍ന്ന് കേട്ടിരുന്നു. ശോഭാ സുരേന്ദ്രന്റെ പേരിനായിരുന്നു ഏറ്റവും പിന്തുണ ലഭിച്ചത്. മത്സരിക്കുന്ന എല്ലായിടത്തും വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതായിരുന്നു ശോഭാ സുരേന്ദ്രന്റെ മികവായി ഉയര്‍ത്തി കാണിച്ചിരുന്നത്, സുരേഷ് ഗോപി തന്നെ ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നിരവധി നേതാക്കള്‍ പരസ്യമായി തന്നെ ശോഭയെ പിന്തുണച്ചിരുന്നു. പക്ഷേ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിട്ടാണ് സി കൃഷ്ണകുമാര്‍ എത്തിയത്.
അതേസമയം വയനാട്ടില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. സിപിഐ സത്യന്‍ മൊകേരിയെ സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചിരുന്നു. ഇന്ന് അദ്ദേഹം മണ്ഡലത്തില്‍ റോഡ് ഷോയും നടത്തി. ഇതിനെല്ലാം ശേഷമാണ് ബിജെപി വയനാട്ടില്‍ നവ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ.കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ട് തവണയായി കൗണ്‍സിലറും കോര്‍പ്പറേഷനിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു.
പാലക്കാട് മത്സരിക്കുന്ന സി കൃഷ്ണകുമാര്‍ 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭാ കൗണ്‍സിലറായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ രണ്ടര ലക്ഷത്തില്‍ അധികം വോട്ടും നേടിയിരുന്നു.
പാലക്കാട് കോണ്‍ഗ്രസ് വിട്ടുവന്ന ഡോ പി സരിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. ഇടതുസ്വതന്ത്രനായിട്ടാണ് മത്സരിക്കുക. കോണ്‍ഗ്രസിനായി രാഹുല്‍ മാങ്കൂട്ടത്തിലാണ് മത്സരിക്കുന്നത്. അതേസമയം ചേലക്കരയില്‍ യുആര്‍ പ്രദീപാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇരുമുന്നണികളും മൂന്നിടത്തും പ്രചാരണം ശക്തമാക്കിയിട്ടും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധമുണ്ടായിരുന്നു.












Click it and Unblock the Notifications