സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം; നാടെങ്ങും ആഘോഷം
ഐശ്വര്യം നിറഞ്ഞ പൊന്നോണത്തെ വരവേൽക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. പൂക്കളമൊരുക്കിയും പുത്തൻ വസ്ത്രങ്ങളണിഞ്ഞും സദ്യയൊരുക്കിയും നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും മാത്രം ആഘോഷമല്ല ഓണം, സത്യസന്ധതയും സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. കാർഷിക സമൃദ്ധിയെ കൂടി ഓണം അടയാളപ്പെടുത്തുന്നു. പരമ്പരാഗതമായി വിളമ്പുന്ന ഓണസദ്യ നന്ദിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്. സമാധാനപരവും ഐക്യമുള്ളതുമായ അനേകം ഓണങ്ങൾ മുന്നിലുണ്ടെന്ന പ്രതീക്ഷയോടെ എല്ലാ വായനക്കാർക്കും വൺ ഇന്ത്യ മലയാളത്തിന്റെ ഓണം ആശംസകൾ

മലയാളികൾക്ക് ഓണാശംസ നേർന്ന് മുഖ്യമന്ത്രി
'ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്‌നേഹം നെഞ്ചോടു ചേർത്തും പരസ്പരംസ്‌നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു. ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാൾ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യം. ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഊർജ്ജവും പ്രചോദനവും പകരട്ടെ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം.
അതേസമയം, ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിർത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളമെന്നാൽ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ട് ഈ ആഘോഷവേളയിൽ നമുക്കൊരുമിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
'ലോകത്തിൻ്റെ ഏത് കോണിലായാലും, താൻ ഒരു മലയാളിയാണെന്ന് ഏതൊരു കേരളീയനും അഭിമാനത്തോടെ ഓർക്കുന്ന ദിവസമാണ് ഓണം. എല്ലാ മലയാളികൾക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ!'
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
'വിജ്ഞാനത്തിന്റെയും, വിവേകത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ വെളിച്ചം മാനവരാശിക്ക് പകർന്നു നൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജൻമ്മദിനം സമാഗതമായിരിക്കുകയാണ്. യുദ്ധവെറിയും, കൂട്ടക്കൊലകളും ലോകത്തെ ഒരു ദുരന്തഭൂമിയാക്കുന്ന,പിഞ്ചു കുഞ്ഞുങ്ങൾക്ക് മേൽ പോലും നിസങ്കോചം വിനാശകാരിയായ ആയുധങ്ങൾ വർഷിക്കുന്ന ഈ കാലത്ത് മഹാനായ പ്രവാചകൻ ഉയർത്തിപ്പിടിച്ച നന്മയുടെ, കരുണയുടെ, മാനവികതയുടെ സന്ദേശം കൂടുതൽ,കൂടുതൽ പ്രസക്തമാവുകയാണ്. ഇത്തവണ തിരുവോണവും നബിദിനവും ഒരുമിച്ചാണെന്നത് വലിയ സന്തോഷം നൽകുന്നു. ഓണത്തിന്റെ സങ്കല്പവും, പ്രവാചകന്റെ ജീവിത ദർശനങ്ങളും ഒരേ പാതയിൽ സംഗമിക്കുന്നതാണ്. മനുഷ്യർക്കിടയിൽ ഒരു ഭേദവും ഒരിക്കലും കൽപ്പിക്കാ തെയിരുന്നയാളാണ് പ്രവാചക തിരുമേനി. മാനവികമായ എല്ലാ നന്മകളെയും സ്വാഗതം ചെയ്ത, അവയ്ക്ക് വേണ്ടി നിലകൊണ്ട പ്രവാചകന്റെ ജന്മദിനത്തിൽ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ'












Click it and Unblock the Notifications