കഥകളി വിവാദം; സംവിധാകന്റെ നിലപാട് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍...
തിരുവനന്തപുരം: കഥകളി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ എ. പ്രതിഭ. സംവിധായകന്റെ നിലപാട് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.
കഥകളിയുടെ സംവിധായകന്‍ സൈജോ കണ്ണനൈക്കലിന് സെന്‍സര്‍ ബോര്‍ഡിനെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമത് വിനിയോഗിച്ചില്ലെന്നും പ്രതിഭ പറഞ്ഞു.

നിലവിലുള്ള നിയമങ്ങള്‍ വിനിയോഗിച്ചല്ല സംവിധായകന്‍ സമരത്തിനിറങ്ങിയത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനു മറുപടി നല്‍കാന്‍ പോലും സംവിധായകന്‍ തയ്യാറായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ കാത്തിരിക്കാനെങ്കിലും സംവിധായകന്‍ തയ്യാറാകണമായിരുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ തനിക്ക് വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ലെന്നായിരുന്നു സംവിധായകന്‍ സൈജോയുടെ പ്രതികരണം. എനിക്ക് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിക്കണം, അതിനു വേണ്ടി പോരാടും, മറിച്ച് വിവാദങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. ഫെഫ്കയുടെ നേതൃത്വത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ബോര്‍ഡ് ഓഫീസറെ ഉപരോധിച്ചു.

സിനിമ ഒരു കലാരൂപമാണ്. അതിന്റെ മഹത്വം മനസിലാക്കാതെ പലപ്പോഴും സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായി കത്രിക വയ്ക്കുകയാണ് സംവിധായകന്‍ കമല്‍ ആരോപിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിലെ സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
തങ്ങള്‍ക്കിഷ്ടമാല്ലാത്ത സിനിമ ചെയ്തു എന്നതിന്റെ പേരില്‍ സംവിധായകരെയും നിര്‍മാതാക്കളെയും വേട്ടയാടുകയാണ് ചിലര്‍. അതിന്റെ അവസാന്തതെ ഇരകളാണ് കഥകളിയും ഉഡ്താ പഞ്ചാബും. ക്ലാസിഫിക്കേഷന്റെ ഭാഗമായാണ് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. നഗ്നതാ പ്രദര്‍ശനമുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. അല്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശരിയല്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കമല്‍ പറഞ്ഞു.
ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍, ടിവി ചന്ദ്രന്‍, തുളസീ ദാസ്, രാമചന്ദ്രബാബു, ഭാഗ്യലക്ഷ്മി, ആര്‍എസ് വിമല്‍ തുടങ്ങിയവര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു. ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ പ്രേമികളും ഉപരോധ സമരത്തിനെത്തിയിരുന്നു.












Click it and Unblock the Notifications